‘മെസ്സി വരും ട്ടാ’!!! അര്‍ജന്റീന കേരളത്തിലെത്തും, സ്ഥിരീകരിച്ച് കായിക മന്ത്രി; എതിര്‍ ടീം തീരുമാനമായില്ല

തിരുവനന്തപുരം: ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും. ഇക്കാര്യം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും, കായിക മന്ത്രി വി.അബ്ദുറഹിമാനും സ്ഥിരീകരിച്ചു. നവംബര്‍ 10നും 18നും ഇടയിലായിരിക്കും മത്സരം. എതിരാളികളെ തീരുമാനിച്ചിട്ടില്ല.
‘മെസി വരും ട്ടാ… ലോക ജേതാക്കളായ ലയണല്‍ മെസിയും സംഘവും 2025 നവംബറില്‍ കേരളത്തില്‍ കളിക്കും’മന്ത്രി അബ്ദുറഹിമാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇതു സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഇതോടെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു.
ലയണല്‍ മെസ്സിയെയും സംഘത്തെയും കേരളത്തില്‍ കളിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം കേരള സര്‍ക്കാരിനാണെന്ന ആരോപണവുമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ (എഎഫ്എ) പ്രതിനിധിയും രംഗത്തെത്തിയിരുന്നു. കേരള സര്‍ക്കാര്‍ കരാര്‍ ലംഘനം നടത്തിയെന്നാണ് എഎഫ്എയുടെ മാര്‍ക്കറ്റിങ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്‌സന്‍ പറഞ്ഞത്. ഇതിനിടെയിലാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
2011ലാണ് അര്‍ജന്റീന അവസാനമായി ഇന്ത്യയിലെത്തിയത്. അന്ന് കൊല്‍ക്കത്ത സോള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് അര്‍ജന്റീന നേരിട്ടത്. ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.






