വീട്ടില്‍ രക്തക്കളം; ദമ്പതികളും മകനും ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍, ഇളയ മകനെ കാണാനില്ല

ന്യൂഡല്‍ഹി: മൈദാന്‍ഗഢിയില്‍ ദമ്പതിമാരെയും 24 വയസ്സുള്ള മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ രണ്ടാമത്തെ മകനെ കാണാതായിട്ടുണ്ട്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
പോലീസ് സ്ഥലത്തെത്തിയപ്പോള്‍, പ്രേം സിങ്ങി(48)നെയും ഹൃത്വിക്കി(24)നെയും താഴത്തെ നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തി. ഭാര്യ രജനി(43)യുടെ മൃതദേഹം ഒന്നാം നിലയില്‍ വായ മൂടിക്കെട്ടിയ നിലയിലായിരുന്നു.
ദമ്പതിമാരുടെ 23 വയസുള്ള ഇളയ മകന്‍ സിദ്ധാര്‍ത്ഥിനെ കാണാതായിട്ടുണ്ട്. സിദ്ധാര്‍ത്ഥ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കഴിഞ്ഞ 12 വര്‍ഷമായി ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് അക്രമാസക്തമായ പെരുമാറ്റരീതി ഉള്ളതായി പോലീസ് സംശയിക്കുന്നു.
മാതാപിതാക്കളെയും സഹോദരനെയും സിദ്ധാര്‍ത്ഥ് കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. താന്‍ കുടുംബത്തെ കൊലപ്പെടുത്തിയെന്നും ഇനി വീട്ടില്‍ താമസിക്കില്ലെന്നും ഇയാള്‍ നാട്ടുകാരോട് പറഞ്ഞതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പിതാവ് മദ്യപാനിയായിരുന്നെന്നും വീട്ടില്‍ വഴക്കുകള്‍ പതിവായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ഫോറന്‍സിക് സംഘം വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചുവരികയാണ്. സിദ്ധാര്‍ത്ഥിനായുള്ള തിരച്ചില്‍ തുടരുകയാണ്.






