‘വധശിക്ഷ ഒഴിവാക്കാന്‍ ആലി മുസ്ലിയാര്‍ വൈസ്രോയിക്ക് മാപ്പപേക്ഷ നല്‍കി’

1921 ല്‍ മലബാര്‍ കേന്ദ്രീകരിച്ച് നടന്ന ബ്രിട്ടീഷ് വിരുദ്ധ സായുധ സമരത്തിന്റെ മുന്‍നിര പോരാളിയായ ആലി മുസ്ലിയാര്‍ വധശിക്ഷ ഒഴിവാക്കാന്‍ മാപ്പ് അപേക്ഷിച്ച് വൈസ്രോയിക്ക് കത്തയച്ചതായി വെളിപ്പെടുത്തല്‍. ആലി മുസ്ലിയാരുടെ വധ ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി കലക്ടര്‍ ഇവാന്‍സ് ഡല്‍ഹിയിലേക്കയച്ച കത്തിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളത് എന്നാണ് വാദം. എഴുത്തുകാരനായ മനോജ് ബ്രൈറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് പരാമര്‍ശം ഉള്ളത്.
മലബാര്‍ കലാപത്തിന്റെ പങ്കാളിത്തത്തിന്റെ പേരില്‍ 1921 നവംബര്‍ രണ്ടിന് ആലി മുസ് ലിയാരെ വധശിക്ഷയ്ക്ക് വിധിച്ചു. 1922 ഫെബ്രുവരിയിലാണ് വധ ശിക്ഷ നടപ്പാക്കിയത്. ആലി മുസ്ലിയാര്‍ വൈസ്രോയിക്ക് മാപ്പപേക്ഷ കൊടുത്തതാണ് വധ ശിക്ഷ നീണ്ടുപോകാനുള്ള കാരണം. മാപ്പ് അപേക്ഷ പരിഗണിച്ച് ആലി മുസ്ലിയാരെ വെറുതെ വിട്ടേക്കും എന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ മുസ്ലിയാരെ വിട്ടയക്കുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കും എന്നറിയിച്ചു കൊണ്ടായിരുന്നു കലക്ടര്‍ ഇവാന്‍സ് ഡല്‍ഹിയിലേക്ക് ടെലഗ്രാം സന്ദേശം അയച്ചത്. എന്നാല്‍, ആലി മുസ്ലിയാര്‍ വൈസ്രോയിക്ക് അയച്ച കത്തിലെ ഉള്ളടക്കം എന്താണെന്ന് വ്യക്തമല്ലെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. കത്തിലെ ഉള്ളക്കം സംബന്ധിച്ച രേഖകള്‍ ചെന്നൈ, ലണ്ടന്‍ ആക്കൈവ്സുകളില്‍ ഉണ്ടായേക്കുമെന്നും കുറിപ്പ് പറയുന്നു.
കുറിപ്പ് പൂര്‍ണരൂപം-
ആരൊക്കെ മാപ്പു പറഞ്ഞു? സീസണ്‍ ആണല്ലോ. കൂട്ടത്തില്‍ ഇതുകൂടി കിടക്കട്ടെ. ചെസ്റ്റ് നമ്പര്‍ 1921-ആലി മുസലിയാര്‍
1921 ലെ കലാപത്തില്‍ പങ്കെടുത്തതിന് ആലി മുസലിയാരെ വിചാരണ ചെയ്ത് 1921 നവംബര്‍ രണ്ടാം തീയ്യതി വധശിക്ഷക്കു വിധിച്ചെങ്കിലും വധശിക്ഷ നടപ്പാക്കുന്നത് 1922 ഫെബ്രുവരിയില്‍ മാത്രമാണ്. ആലി മുസലിയാര്‍ വൈസ്രോയിക്ക് മാപ്പപേക്ഷ കൊടുത്തതായിരുന്നു വധ ശിക്ഷ നടപ്പിലാക്കുന്നത് നീണ്ടു പോകാന്‍ കാരണം. അതു പ്രകാരം ആലി മുസലിയാരെ വെറുതെ വിട്ടേക്കും എന്നൊരു അഭ്യൂഹം പരക്കാനിടയാക്കി. മുസലിയാരെ വിട്ടയക്കുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കും എന്നറിയിച്ചു കൊണ്ട് കലക്റ്റര്‍ ഇവാന്‍സ് ഡെല്‍ഹിയിലേക്കയച്ച അയച്ച ടെലഗ്രാം….
എന്നാലും ആലി മുസലിയാര്‍ വൈസ്രോയിക്കയച്ച മാപ്പപേക്ഷയില്‍ എന്തായിരിക്കും എഴുതിയിട്ടുണ്ടാകുക? ചെന്നൈയിലോ, ലണ്ടനിലോ ഉള്ള ആക്കൈവ്‌സില്‍ കാണുമായിരിക്കും.
ബ്രിട്ടീഷ് പട്ടാളം പള്ളി തകര്‍ത്തു എന്ന നുണ പ്രചരിപ്പിച്ച് കലാപം തുടങ്ങി വച്ചത് ആലി മുസലിയാര്‍ തന്നെയായിരുന്നു എന്നും ഈ രേഖകളില്‍ കാണാം. ചെമ്പ്രശ്ശേരി തങ്ങള്‍ കൊടുത്ത മൊഴിയിലും പള്ളി തകര്‍ത്തത്തിനു പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ആലി മുസലിയാര്‍ അയച്ച ഒരു കത്തിനെക്കുറിച്ച് താന്‍ കേട്ടതായി പറയുന്നുണ്ട്.






