സംഘപരിവാരത്തിലെ മറ്റു സംഘടനകളെ പരിഗണിക്കാന്‍ കൂട്ടാക്കിയില്ല ; സംസ്ഥാനനേതൃത്വം കാട്ടിയത് അമിതാവേശം ; കന്യാസ്ത്രീകളുടെ വിഷയത്തില്‍ കോര്‍കമ്മറ്റിയില്‍ രാജീവ്ചന്ദ്രശേഖര്‍ക്ക് വിമര്‍ശനം

കൊച്ചി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ വിഷയം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം അമിതാവേശം കാണിച്ചെന്ന് ബിജെപി സംസ്ഥാനകമ്മറ്റിയില്‍ രാജീവ് ചന്ദ്രശേഖറിന് വിമര്‍ശനം. സംഘപരിവാറിലെ മറ്റ് സംഘടനകളെ വിശ്വാസത്തില്‍ എടുക്കാതെ എടുത്തുചാടിയെന്നാണ് ആക്ഷേപം. മറ്റു സംഘടനകളെ കൂടി പരിഗണിച്ച് വേണമായിരുന്നു വിഷയത്തില്‍ ഇടപെടേണ്ടിയിരുന്നതെന്നും കോര്‍കമ്മറ്റിയില്‍ ഉയര്‍ന്ന ചര്‍ച്ചയിലാണ് വിമര്‍ശനം. സംഭവം കൈകാര്യം ചെയ്തതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ഒരു ഭാഗം വിമര്‍ശിച്ചു.
യോഗത്തില്‍ ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ മോചനം കൈകാര്യം ചെയ്ത രീതിയും അവലോകനം ചെയ്തു. എന്നാല്‍ ഈ വിമര്‍ശനത്തെ സംസ്ഥാന നേതൃത്വം പ്രതിരോധിക്കുകയും ചെയ്തു. വിഷയത്തില്‍ ഇടപെട്ടത് നേട്ടമായി എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. പരിവാര്‍ സംഘടനകളോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും നേതൃത്വം വിശദീകരിച്ചു.
ഹിന്ദുസന്യാസിമാരുടെയും സംഘപരിവാര്‍ സംഘടനകളുടെയും എതിര്‍പ്പ് മറികടന്നാണ് കന്യാസ്ത്രീകളുടെ മോചനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉള്‍പ്പെടെ ഇടപെടല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉറപ്പാക്കിയത്. ബിജെപി പുനഃസംഘടന നടന്നതിന് ശേഷമുള്ള ആദ്യ കോര്‍ കമ്മിറ്റി യോഗമായിരുന്നു കൊച്ചിയില്‍ നടന്നത്. എന്നാല്‍ യോഗത്തില്‍ നിന്നും മുന്‍ അധ്യക്ഷന്മാരായ വി മുരളീധരനും കെ സുരേന്ദ്രനും സി കെ പത്മനാഭനും വിട്ടു നിന്നു. ‘ഹര്‍ ഘര്‍ തിരംഗ’യില്‍ പങ്കെടുക്കുവാന്‍ പോയെന്നാണ് സുരേന്ദ്രനും വി മുരളീധരനും വിശദീകരണം നല്‍കിയത്. സി കെ പത്മനാഭന്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചാണ് വിട്ടുനിന്നത്.






