വെളിച്ചെണ്ണയില്‍ പിടിമുറുക്കി ഭക്ഷ്യവകുപ്പ്; വ്യാജനെ പൂട്ടാന്‍ റെയ്ഡ്, ഏഴ് ജില്ലകളില്‍ 16,565 ലിറ്റര്‍ ‘സംശയാസ്പദ’ന്‍ പിടികൂടി
തിരുവനന്തപുരം: വില കുതിച്ച് കയറിയതോടെ സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകം. സംസ്ഥാന വ്യാപകമായ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 7 ജില്ലകളില്‍ നിന്നായി ആകെ 16,565 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകള്‍ നടത്തിയത്.
വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത് കൊല്ലം ജില്ലയില്‍ നിന്നാണ്. കൊല്ലത്ത് വ്യാജ എഫ്എസ്എസ്എഐ നമ്പരിലും വ്യാജ വിലാസത്തിലും പായ്ക്ക് ചെയ്ത് വില്‍പനയ്ക്കായി തയാറാക്കിയ 5800 ലിറ്റര്‍ കേര സൂര്യ, കേര ഹരിതം ബ്രാന്‍ഡ് വെളിച്ചെണ്ണ ഉള്‍പ്പെടെ 9337 ലിറ്റര്‍ വെളിച്ചെണ്ണ പിടിച്ചെടുത്തു.
ഉമയനല്ലൂര്‍ പാര്‍ക്ക് മുക്കില്‍ നേതാജി ഗ്രന്ഥശാലയ്ക്ക് എതിര്‍വശം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് വെളിച്ചെണ്ണ പിടികൂടിയത്. കൂടുതല്‍ പരിശോധനകള്‍ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. പിടിച്ചെടുത്ത എണ്ണയും ഫാക്ടറിയും അധികൃതര്‍ സീല്‍ ചെയ്തു. കേരസൂര്യ, കേരഹരിത എന്നീ ലേബലുകളുള്ള പാക്കറ്റ് വെളിച്ചെണ്ണയാണ് കണ്ടെത്തിയത്. മണ്ണാറശാലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും നിലവാരമില്ലാത്ത 2480 ലീറ്റര്‍ ഹരി ഗീതം വെളിച്ചെണ്ണ ഉള്‍പ്പെടെ ആലപ്പുഴ ജില്ലയില്‍ നിന്നും ആകെ 6530 ലീറ്റര്‍ വ്യാജ വെളിച്ചെണ്ണയും പിടിച്ചെടുത്തു. 11 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 20 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു. പൊതുജനങ്ങള്‍ക്ക് വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാം.






