ഡിആര്‍ഡിഒയില്‍ വീണ്ടും ചാരപ്പണി; ഗസ്റ്റ് ഹൗസ് മാനേജര്‍ പാക്കിസ്ഥാന് വിവരങ്ങള്‍ കൈമാറി, ഒടുവില്‍ അറസ്റ്റ്

ജയ്പുര്‍: പാക്കിസ്ഥാന്‍ ചാരനെന്നു സംശയിക്കുന്നയാളെ ജയ്‌സല്‍മേര്‍ പൊലീസ് അറസ്റ്റു ചെയ്തു. ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഗസ്റ്റ് ഹൗസിന്റെ കരാര്‍ മാനേജരായ മഹേന്ദ്ര പ്രസാദ് (32) ആണ് അറസ്റ്റിലായത്. ഇയാള്‍ ഒരു പാക്ക് ചാരനുമായി നിരന്തരം ബന്ധപ്പെട്ടെന്നും രാജ്യത്തിന്റെ വിവരങ്ങള്‍ കൈമാറിയെന്നും പൊലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകള്‍ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. പരിശോധനയ്ക്കിടെ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയാണ്. പാക്ക് ചാരനുമായി ഇയാള്‍ സമൂഹമാധ്യമത്തിലൂടെയാണ് പരിചയം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. മിസൈല്‍, ആയുധ പരീക്ഷണങ്ങള്‍ക്കായി ചന്ദനിലെ ഡിആര്‍ഡിഒ കേന്ദ്രത്തിലെത്തുന്ന ശാസ്ത്രജ്ഞരുടെയും സൈനികരുടെയും വിവരങ്ങളാണ് ഇയാള്‍ കൈമാറിയിരുന്നത്.
തന്ത്രപ്രധാന ആയുധങ്ങള്‍ പരീക്ഷിക്കുന്ന കേന്ദ്രമാണ് ജയ്‌സല്‍മേറിലേത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സുരക്ഷാ വീഴ്ചയെക്കുറിച്ച് അധികൃതര്‍ പരിശോധന ആരംഭിച്ചു.






