ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ; തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചുവെന്ന് രേഖപ്പെടുത്തി വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ രണ്ടുപേരുമായി യോഗേന്ദ്രയാദവ് ; അബദ്ധം പറ്റിയതായിരിക്കുമെന്ന് കോടതി

ന്യൂഡല്‍ഹി: മരിച്ചുവെന്ന് രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ രണ്ട് പേരെ കോടതിയില്‍ ഹാജരാക്കി യോഗേന്ദ്ര യാദവ്. ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ഹാജരാക്കിയത്.
രണ്ട് പേര്‍ മരിച്ചതായി പ്രഖ്യാപിച്ചതിനാല്‍ ഇവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല. ദയവായി അവരെ കാണുക. ഇവരെ മരിച്ചതായി പ്രഖ്യാപിച്ചു. പക്ഷേ അവര്‍ ജീവിച്ചിരിപ്പുണ്ട്, അവരെ കാണുക എന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനോട് രണ്ട് പേരെയും ഹാജരാക്കി യോഗേന്ദ്ര യാദവ് പറഞ്ഞു. ബിഹാറില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്ഐആര്‍ പ്രക്രിയയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു യാദവിന്റെ ഇടപെടല്‍.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ രാകേഷ് ദ്വിവേദി ഇതിനെ ‘നാടകം’ എന്നാണ് വിശേഷിപ്പിച്ചത്. അബദ്ധത്തില്‍ സംഭവിച്ച ഒരു പിശകായിരിക്കാം എന്നായിരുന്നു ജസ്റ്റിസ് ബാഗ്ചിയുടെ പരാമര്‍ശം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് എസ്ഐആര്‍ പരിശോധന നടക്കുന്നത്. വോട്ടര്‍ പട്ടികയില്‍ യാതൊരു കൂട്ടിച്ചേര്‍ക്കലും നടത്തിയിട്ടില്ലെന്ന് യോഗേന്ദ്ര യാദവ് കോടതിയെ അറിയിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തുടനീളം സഞ്ചരിച്ചു. ഒരു കൂട്ടിച്ചേര്‍ക്കല്‍ പോലും കണ്ടെത്തിയില്ല. ലോക ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടവകാശ നിഷേധ പ്രക്രിയയ്ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കുന്നു. 65 ലക്ഷം പേരുകള്‍ ഇല്ലാതാക്കി. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലും ഇത് സംഭവിച്ചിട്ടില്ല. ഈ കണക്ക് ഒരു കോടി കടക്കുമെന്ന് ഉറപ്പാണെന്നും യോഗേന്ദ്ര യാദവ് സുപ്രീം കോടതിയെ അറിയിച്ചു.






