Breaking NewsKeralaLead NewsNEWS

ഗൂഗിള്‍ മാപ്പ് പിന്നെയും ചതിച്ചു: വഴിതെറ്റിയ കണ്ടെയ്‌നര്‍ ലോറി ഇടറോഡില്‍ കുടുങ്ങി; തിരിക്കുന്നതിനിടെ മതിലും തകര്‍ത്തു

എറണാകുളം: ഗൂഗിള്‍ മാപ്പ് വീണ്ടും ചതിച്ചു; വഴിതെറ്റിയ കണ്ടെയ്‌നര്‍ ലോറി ഇടറോഡില്‍ കുടുങ്ങി. പെരുമ്പാവൂര്‍ ഓള്‍ഡ് വല്ലം റോഡിലാണ് വാഹനം കുടുങ്ങിയത്. വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ സമീപത്തെ മതിലും തകര്‍ത്തു. പൂനെയില്‍ നിന്ന് കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയിലേക്ക് പോയ വാഹനമാണ് കുടുങ്ങിയത്. മതില്‍ നിര്‍മിച്ചു നല്‍കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

അതേസമയം, തൃപ്പുണിത്തുറ പേട്ടയില്‍ ഊബര്‍ ടാക്‌സി കാര്‍ കാനയില്‍ വീണു. യാത്രക്കാരനെ ഇറക്കിയശേഷം പേട്ടയിലൂടെ ഗൂഗിള്‍ മാപ്പുമിട്ട് തിരികെ പോകുന്നതിനിടെയാണ് റോഡിനോട് ചേര്‍ന്നുള്ള കാനയിലേക്ക് കാര്‍ വീണത്. പേട്ട താമരശേരി റോഡില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം ഉണ്ടായത്.

Signature-ad

കാനയും റോഡും തിരിച്ചറിയാന്‍ കഴിയാത്ത വിധം സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതിനിടെ ട്രിപ്പ് കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് കാര്‍ പേട്ടയിലെ കാനയില്‍ വീണത്. സ്ഥലപരിചയമില്ലാത്ത ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയം ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. വഴിയാണെന്ന് തെറ്റിദ്ധരിച്ച് കാര്‍ തിരിച്ചപ്പോഴാണ് കാനയിലേക്ക് വീണത്. ഉടന്‍ തന്നെ ഡ്രൈവര്‍ കാറില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ കാര്‍ റിക്കവറി വാഹനം ഉപയോഗിച്ച് പുറത്തെടുത്തു. കാര്‍ ഡ്രൈവര്‍ സ്ഥലത്തുള്ളയാള്‍ അല്ലെന്നും സ്ഥല പരിചയമില്ലെന്നും ഓട്ടം വന്നശേഷം തിരിച്ചുപോവുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. തോടും റോഡും തമ്മില്‍ വേര്‍തിരിച്ചുകൊണ്ടുള്ള സുരക്ഷാ സംവിധാനങ്ങളോ സ്ലാബിട്ട് മൂടുകയോ ചെയ്തിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

Back to top button
error: