അക്രമിയെ ഇടിച്ചിട്ടു! തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തെ ശക്തമായി പ്രതിരോധിച്ച് പന്ത്രണ്ടുകാരി; തുണയായത് കരാട്ടെ പരിശീലനത്തിലൂടെ ലഭിച്ച ധൈര്യവും ആത്മവിശ്വാസവും

മലപ്പുറം: തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിനെതിരെ ശക്തമായി പ്രതിരോധിച്ച് പന്ത്രണ്ട് വയസുകാരി. തിരൂരങ്ങാടിയിലെ കൊച്ചുമിടുക്കിയാണ് ധൈര്യസമേതം തനിക്ക് നേരെ വന്ന ആക്രമിയെ പ്രതിരോധിച്ചത്. ആരോ ഒരാള്‍ വായപൊത്തി, കൈകള്‍ പുറകിലേക്കു പിടിച്ചു വലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായി പ്രതിരോധിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു പെണ്‍കുട്ടി.
ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. സ്കൂളില്‍ പോകുംവഴി ഒരു ഇതര സംസ്ഥാനത്തൊഴിലാളി ആ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. റോഡില്‍വച്ച് അയാള്‍ അവളുടെ വായപൊത്തി. കൈകള്‍ പുറകിലേക്കു പിടിച്ചു വലിച്ചുകൊണ്ടുപോകാന്‍ നോക്കി. എന്നാല്‍ ഒട്ടും പതറാതെ പെണ്‍കുട്ടി പ്രതിരോധിച്ചു. കുതറിയോടി, സമീപത്തെ ഹോട്ടല്‍ ജീവനക്കാരായ വനിതകളുടെ അടുത്തെത്തി.
ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടിക്ക് തുണയായത് കരാട്ടെ പരിശീലനത്തിലൂടെ ലഭിച്ച ധൈര്യവും ആത്മവിശ്വാസവുമായിരുന്നു. സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇതരസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന വാടകക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. നാട്ടുകാരുടെ സഹായത്തോടെ പ്രതി അയിനുല്‍ അലിയെ അറസ്റ്റ് ചെയ്തു. പോക്സോ പ്രകാരം കേസെടുത്തതായി തിരൂരങ്ങാടി പൊലീസ് അറിയിച്ചു.






