Breaking NewsIndiaLead NewsNEWS

പ്രണയവിവാഹം വേണ്ടേ വേണ്ട, പ്രമേയം പാസാക്കി പഞ്ചാബിലെ ഗ്രാമം; പാരമ്പര്യം സംരക്ഷിക്കാനെന്ന് വാദം

ചണ്ഡീഗഢ്: കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ നിരോധിച്ചുകൊണ്ട് പ്രമേയം പാസാക്കി പഞ്ചാബിലെ ഒരു ഗ്രാമം. മൊഹാലി ജില്ലയിലെ മാനക്പുര്‍ ശരിഫ് ഗ്രാമത്തിലാണ് എതിര്‍പ്പുകളൊന്നും ഇല്ലാതെ ഇത്തരമൊരു പ്രമേയം പാസായത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി.
കുടുംബത്തിന്റെ അനുമതിയില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതികളെ ഗ്രാമത്തിലോ സമീപ പ്രദേശങ്ങളിലോ താമസിക്കുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള പ്രമേയം ഇക്കഴിഞ്ഞ ജൂലൈ 31-നാണ് പാസാക്കപ്പെട്ടത്. ഇത്തരം ദമ്പതികളെ പിന്തുണയ്ക്കുകയോ അവര്‍ക്ക് അഭയം നല്‍കുകയോ ചെയ്യുന്ന ഗ്രാമവാസികള്‍ക്കെതിരെ ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്നും പ്രമേയത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഗ്രാമത്തിന്റെ പാരമ്പര്യത്തെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായാണ് ഇത്തരത്തില്‍ ഒരു പ്രമേയം പാസാക്കിയത് എന്നാണ് ഗ്രാമത്തലവന്റെ വിശദീകരണം. ‘ഞങ്ങള്‍ പ്രണയവിവാഹത്തിനോ നിയമത്തിനോ എതിരല്ല, പക്ഷേ ഞങ്ങളുടെ ഗ്രാമത്തില്‍ അത് അനുവദിക്കില്ല. ഇതൊരു ശിക്ഷയല്ല, മറിച്ച് ഞങ്ങളുടെ പാരമ്പര്യത്തെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയാണ്,’ ഗ്രാമത്തിലെ സര്‍പഞ്ച് ദല്‍വീര്‍ സിംഗ് പറഞ്ഞു.

Signature-ad

ഗ്രാമത്തിലെ ഒരു യുവാവ് സ്വന്തം അനന്തരവളെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളാണ് ഇത്തരം ഒരു പ്രമേയത്തിലേക്ക് വഴിവെച്ചതെന്ന് ദല്‍വീര്‍ പറയുന്നു. 26-കാരനായ ദവിന്ദര്‍ ആണ് 24 വയസ്സുള്ള തന്റെ അനന്തരവള്‍ ബേബിയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ ഗ്രാമം വിട്ടെങ്കിലും, ഈ സംഭവം അവിടെ താമസിക്കുന്ന 2,000 ഗ്രാമവാസികളെയും ബാധിച്ചിട്ടുണ്ട്. പ്രമേയമനുസരിച്ച്, ഇത്തരം ബന്ധങ്ങള്‍ തടയുന്നതിനുള്ള ഉത്തരവാദിത്തം മുഴുവന്‍ സമൂഹത്തിനുമുണ്ട്. സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ അയല്‍ ഗ്രാമങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുള്ളതായി സര്‍പഞ്ച് പറയുന്നു.

അന്നത്തെ നമ്പര്‍ വണ്‍ ശത്രു ഇന്നത്തെ ജീവിതപങ്കാളി; രസകരമായ കുറിപ്പുമായി യുവതി

ഗ്രാമത്തിലെ ഭൂരിഭാഗം യുവാക്കളും താമസക്കാരും വിഷയത്തില്‍ സര്‍പഞ്ചിനെ പിന്താങ്ങുന്നുണ്ട്. ‘ഈ തീരുമാനത്തില്‍ ഞങ്ങള്‍ സര്‍പഞ്ചിനൊപ്പമാണ്, ഇതിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് മാത്രമാണ് അധികാരം. ഞങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപോകേണ്ട ഒരു പാരമ്പര്യവും സല്‍പ്പേരുമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. ലോകം ആധുനികമാണെങ്കിലും, നമ്മുടെ ബന്ധങ്ങളും സംസ്‌കാരവും ഗ്രാമങ്ങളും സംരക്ഷിക്കേണ്ടതുണ്ട്,’ ഒരു ഗ്രാമവാസി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഈ പ്രമേയത്തിനെതിരെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. പട്യാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ധരംവീര ഗാന്ധി, ഇതിനെ ‘താലിബാന്‍ ഫത്വ’ എന്നാണ് വിശേഷിപ്പിച്ചത്. ‘ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പ്രായപൂര്‍ത്തിയായ ഏതൊരാളുടെയും മൗലികാവകാശമാണ്. പിന്തിരിപ്പന്‍ ചിന്താഗതിക്കാരുടെ ഇടയില്‍നിന്നും, ഇത്തരം ദമ്പതികളെ സര്‍ക്കാര്‍ ഇടപെട്ട് സംരക്ഷിക്കണം,’ അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പ്രാദേശിക അധികാരികള്‍ ഇതുവരെ സംയമനത്തോടെയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് മൊഹാലി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ (റൂറല്‍) സോനം ചൗധരി പറഞ്ഞു.

 

 

 

Back to top button
error: