‘കോരിച്ചൊരിയുന്ന മഴയത്താണ് ഒരു ടാറിങ്, നിര്‍ത്തിപ്പോടോ, ഇവനെയൊക്കെ ചാട്ടാവാര്‍ കൊണ്ടടിക്കണം’; ചീത്ത വിളി ദൃശ്യങ്ങള്‍ വൈറലായതോടെ പണി നിര്‍ത്താനാവശ്യപ്പെട്ട് തൃശൂര്‍ മേയര്‍

തൃശൂര്‍: കോരിച്ചൊരിയുന്ന മഴയ്ക്കിടെ തൃശൂര്‍ നഗരത്തില്‍ റോഡ് ടാറിങ്. നഗരത്തിലെ മാരാര്‍ റോഡിലാണ് പെരുമഴയില്‍ റോഡ് ടാറിങ് നടന്നത്. മഴയില്‍ റോഡിലൂടെ വെള്ളം ഒഴുകുന്നതിനിടെയാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള റോഡില്‍ ടാറിങ് പ്രവൃത്തി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ടാറിങ് നിര്‍ത്തിവെക്കാന്‍ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ് നിര്‍ദേശം നല്‍കി.
രാവിലെ മുതലുള്ള കനത്ത മഴയ്ക്കിടെയാണ് റോഡ് ടാറിങ്ങിനുള്ള പ്രവൃത്തികള്‍ നടന്നത്. ഇതു കണ്ട് ഈ കോരിച്ചൊരിയുന്ന മഴയത്താണോ ടാറിങ് നടത്തുന്നതെന്ന് ഒരാള്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഈ കനത്ത മഴയത്താണ് കോര്‍പ്പറേഷന്റെ ഒരു ടാറിങ്, ‘നിര്‍ത്തിപ്പോടോ, ഇവനെയൊക്കെ ചാട്ടാവാര്‍ കൊണ്ടടിക്കണം’ എന്നെല്ലാം ചീത്തവിളിക്കുന്നതും ദൃശ്യത്തിലുണ്ട്.
കഴിഞ്ഞ മൂന്ന് നാല് ദിവസമായി തൃശൂരില്‍ കനത്ത വെയിലായിരുന്നു. അപ്പോഴൊന്നും ടാറിങ് പ്രവൃത്തികള്‍ക്കായി ആരും എത്തിയിരുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നു. അതേസമയം വേഗത്തില്‍ ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് പണി തുടങ്ങിയതെന്നും, മഴ പ്രതീക്ഷിച്ചിരുന്നില്ലെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി വ്യക്തമാക്കി.






