Breaking NewsIndiaLead News

ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ചത് ഏതെങ്കിലും രാജ്യവുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ടല്ല: ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ ഒട്ടേറെ രാജ്യങ്ങളില്‍ നിന്ന് വിളി വന്നു; മൂന്നാം കക്ഷി ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി എസ്. ജയ്ശങ്കര്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ ഉണ്ടായതില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് രാജ്യസഭയില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ചത് ഏതെങ്കിലും രാജ്യവുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പാകിസ്താന്‍ ആക്രമണം നടത്തി. തിരിച്ചടിയായി പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുകൊണ്ട് ഇന്ത്യ പ്രത്യാക്രമണം നടത്തി. ഇതിനുശേഷം, പാകിസ്താന്‍ ഇപ്പോള്‍ യുദ്ധം നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിച്ച് വിവിധ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയ്ക്ക് ഫോണ്‍ കോളുകള്‍ വന്നു തുടങ്ങിയെന്ന് രാജ്യസഭയില്‍ ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ജയശങ്കര്‍ പറഞ്ഞു.

Signature-ad

രാജ്യങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചില്ലെങ്കിലും സൗദി അറേബ്യ ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളുമായി ഇന്ത്യ നയതന്ത്രബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ മധ്യസ്ഥത സ്വീകരിക്കില്ലെന്നും വെടിനിര്‍ത്തലിനുള്ള ഏത് അഭ്യര്‍ത്ഥനയും ഔദ്യോഗിക സൈനിക മാര്‍ഗങ്ങളിലൂടെ വരണമെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.

”പോരാട്ടം നിര്‍ത്തണമെങ്കില്‍, അത് പാകിസ്ഥാന്റെ ഡിജിഎംഒ (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്) അഭ്യര്‍ത്ഥിക്കണമെന്ന് ഞങ്ങള്‍ അറിയിച്ചു, അതുതന്നെയാണ് സംഭവിച്ചതും.’ ജയശങ്കര്‍ പറഞ്ഞു. വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കുന്നതില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു പങ്കുവഹിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തള്ളിക്കൊണ്ട് ജയശങ്കര്‍ പറഞ്ഞു: ”ഞാന്‍ വ്യക്തമായി പറയട്ടെ- ഏപ്രില്‍ 22-നും ജൂണ്‍ 16-നും ഇടയില്‍ പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മില്‍ ഒരു ഫോണ്‍ കോള്‍ പോലും ഉണ്ടായിട്ടില്ല.’

വ്യാപാര ഭീഷണി ഉപയോഗിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദങ്ങളുടെ പേരില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആക്രമണം തുടരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തി പാകിസ്താന് മറുപടി നല്‍കിയിട്ടുണ്ടെന്നും അയല്‍രാജ്യം വീണ്ടും ആക്രമിച്ചാല്‍ അത് തുടരുമെന്നും ജയ്ശങ്കര്‍ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ കൊണ്ട് മാത്രമാണ് ഭീകരവാദം ഇപ്പോള്‍ ആഗോള അജണ്ടയില്‍ ഇടംപിടിച്ചതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് നടപടികളിലൂടെ പാകിസ്ഥാന് മേല്‍ ഇന്ത്യ വലിയ സമ്മര്‍ദ്ദം ചെലുത്തിയെന്നും, യുഎന്‍ രക്ഷാസമിതിയില്‍ അംഗമല്ലാതിരുന്നിട്ടും ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കറെ ത്വയിബയുടെ പ്രോക്സി സംഘടനയാണെന്ന് യുഎന്‍ അംഗീകാരം നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: