Breaking NewsLead NewsWorld

ഭൂകമ്പവും സുനാമി മുന്നറിയിപ്പും: ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിലെ മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചു; അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി

ടോക്കിയോ: റഷ്യയിലുണ്ടായ ഭൂകമ്പത്തിന്റെയും സുനാമി മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തില്‍ ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലെ മുഴുവന്‍ ജീവനക്കാരെയും പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. എന്നാല്‍ ഇതുവരെ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

2011 ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പവും സുനാമിയും ഫുക്കുഷി ഡൈച്ചി ന്യുക്ലിയര്‍ പവര്‍ പ്ലാന്റിന്റെ നാശത്തിന് കാരണമായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ ഒന്‍പത് രേഖപ്പെടുത്തിയ ഭൂകമ്പമാണ് അന്നുണ്ടായത്. 1986 ല്‍ ഉണ്ടായ ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഫുകുഷിമയിലേത്. ആണവനിലയം ഡീകമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഇതിന് വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കുമെന്നാണ് സൂചന.

Signature-ad

ബുധനാഴ്ചയുണ്ടായ അതിശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് റഷ്യന്‍ തീരങ്ങളില്‍ സുനാമിത്തിരകള്‍ ആഞ്ഞടിച്ചതായാണ് വിവരം. റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയില്‍ ഉണ്ടായത്. റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്പം ഉണ്ടായത്. പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്-കാംചാറ്റ്സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തിന്റെ തീവ്രതയില്‍ ജപ്പാനിലും സുനാമിത്തിരകള്‍ ആഞ്ഞടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് രാവിലെയാണ് റഷ്യയില്‍ വന്‍ ഭൂചലനം റിപ്പോര്‍ട്ട് തെയ്തത്. തുടര്‍ന്ന് ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയുടെ കിഴക്കന്‍ തീരത്താണു ഭൂകമ്പമുണ്ടായത്. തീവ്രത എട്ട് രേഖപ്പെടുത്തി. ജപ്പാനില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം ഉണ്ടായത്.

അലാസ്‌കയിലും ഹവായിയിലും യുഎസ് അധികൃതര്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പസഫിക് സമുദ്രത്തില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്ന് ജപ്പാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ മാസം നിരവധി ചെറു ഭൂചലനങ്ങള്‍ റഷ്യയിലുണ്ടായിരുന്നു. അവയിലൊന്നും തന്നെ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Back to top button
error: