വിശപ്പുകെട്ട് കൊടുംപട്ടിണിയില്‍ ഗാസയില്‍ പൊലിഞ്ഞത് 88 കുരുന്ന് ജീവനുകള്‍; ഇസ്രയേല്‍ ആക്രമണത്തില്‍ പാലസ്തീനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 60,034 പേര്‍

കയ്റോ/ജനീവ: ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇന്നലെ മാത്രം 62 പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടതോടെ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 60,034 ആയി. ഗാസയില്‍ 662 ദിവസം പിന്നിട്ട യുദ്ധത്തില്‍, 36 പേരില്‍ ഒരാള്‍ എന്ന നിരക്കിലാണ് മരണമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മധ്യഗാസയിലെ നുസെയ്റത്ത് അഭയാര്‍ഥി ക്യാംപിലടക്കം ഇസ്രയേല്‍ ആകമണമുണ്ടായി.
2023 ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തോടെയാണു ഗാസ യുദ്ധം ആരംഭിച്ചത്. അന്ന് ഇസ്രയേലില്‍ 1200 പേര്‍ കൊല്ലപ്പെട്ടിരുന്നു. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടു പോയി. ബന്ദികളില്‍ എല്ലാവരെയും കൈമാറിയിട്ടില്ല. പലരും ഗാസയില്‍ത്തന്നെ മരിച്ചു.
പലസ്തീന്‍കാര്‍ പട്ടിണിയുടെ ഏറ്റവും ദാരുണമായ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണെന്നാണ് ആഗോള ഭക്ഷ്യഭദ്രത മേല്‍നോട്ട സമിതിയുടെ മുന്നറിയിപ്പുണ്ട്. ഗാസയിലേത് ക്ഷാമമായി പ്രഖ്യാപിക്കണമെന്നാണ് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐപിസി) ചൂണ്ടിക്കാട്ടുന്നത്. 88 കുട്ടികള്‍ അടക്കം 147 പേരാണ് പട്ടിണി മൂലം മരിച്ചത്.
മൃതപ്രായരായ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഗാസയില്‍ അതികഠിനമായ പട്ടിണിയും ക്ഷാമവുമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.’ആ കുട്ടികളെ കണ്ടാലറിയാം, മുഴുപ്പട്ടിണിയിലാണെന്ന്’ സ്‌കോട്‌ലന്‍ഡ് സന്ദര്‍ശനത്തിനിടെ ട്രംപ് അഭിപ്രായപ്പെട്ടു. ഗാസയില്‍ പട്ടിണിയില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നിലപാട് തള്ളിയായിരുന്നു ഇത്. രണ്ട് മാസത്തിനുള്ളില്‍ 5000 ട്രക്കുകളിലായി ഗാസയില്‍ സഹായമെത്തിയെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.
ഇതിനിടെ, ദ്വിരാഷ്ട്ര പരിഹാരത്തിനായി ഇസ്രയേലിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യൂറോപ്യന്‍ യൂണിയനോട് ഫ്രാന്‍സ് ആവശ്യപ്പെട്ടു. ഗാസയിലെ ദുരിതപരിഹാരത്തിനും വെടിനിര്‍ത്തലിനുമായി ഇസ്രയേല്‍ തയാറാകുന്നില്ലെങ്കില്‍ സെപ്റ്റംബറിലെ യുഎന്‍ സമ്മേളനത്തില്‍ പലസ്തീന്‍ രാഷ്ട്രപദവി അംഗീകരിക്കുന്ന കാര്യം ബ്രിട്ടന്‍ പരിഗണിക്കുകയാണെന്ന് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ പറഞ്ഞു.






