ശാരീരിക ക്ഷമത പരിശോധനയ്ക്കിടെ കുഴഞ്ഞുവീണു; ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി

പട്‌ന: ബിഹാറിലെ ഗയ ജില്ലയില്‍ ഓടുന്ന ആംബുലന്‍സില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുത്ത 26 വയസ്സുകാരി ശാരീരിക പരിശോധനയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ബലാത്സംഗത്തിന് ഇരയായത്.
ബോധ് ഗയയിലെ ബിഹാര്‍ മിലിട്ടറി പൊലീസ് ഗ്രൗണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റ് പരിശീലനത്തിനിടെയാണ് സംഭവം. റിക്രൂട്ട്മെന്റിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായ ശാരീരിക ക്ഷമതാ പരിശോധനയ്ക്ക് വിധേയയാകുന്നതിനിടെ യുവതി ബോധരഹിതയായെന്ന് പൊലീസ് പറയുന്നു. സ്ഥലത്തുണ്ടായിരുന്ന ആംബുലന്‍സില്‍ യുവതിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കി. അബോധാവസ്ഥയിലായിരുന്ന യുവതിയെ ആംബുലന്‍സിനുള്ളില്‍ നിരവധി പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ വിനയ് കുമാറിനെയും ടെക്നീഷ്യന്‍ അജിത് കുമാറിനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സ് സഞ്ചരിച്ച വഴി പൊലീസ് പരിശോധിക്കുന്നുണ്ട്.
ശാരീരിക പരിശോധനയ്ക്കിടെ തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും ആംബുലന്‍സില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ഭാഗികമായി മാത്രമേ ഓര്‍മയുള്ളൂവെന്നും ആണ് യുവതി പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ആംബുലന്‍സിനുള്ളില്‍ നാല് പുരുഷന്മാര്‍ തന്നെ ബലാത്സംഗം ചെയ്തതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. സംഭവത്തിനു പിന്നാലെ ബിഹാറിലെ ക്രമസമാധാന നില താറുമാറായെന്ന് ആരോപിക്കപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.






