Breaking NewsKeralaLead NewsNEWS

നിയമസഭാ സീറ്റിനായി വനിതാ ലീഗ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്ത്; തമ്മിലടി നിര്‍ത്തണമെന്ന് പാര്‍ട്ടി നേതൃത്വം, പട്ടികയില്‍ സുഹറ മമ്പാട് മുതല്‍ ജയന്തി രാജന്‍ വരെ

മലപ്പുറം: നിയമസഭാ സീറ്റിനായി മുസ്ലിം ലീഗിലെ വനിതാ നേതാക്കളുടെ കൂട്ടപ്പൊരിച്ചില്‍. സീറ്റ് പ്രതീക്ഷിക്കുന്ന അരഡസന്‍ നേതാക്കള്‍ പാണക്കാട് തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളെയും നിരന്തരം സന്ദര്‍ശിച്ച് പട്ടികയില്‍ പേരുറപ്പിക്കാനുള്ള പരിശ്രമത്തിലാണ്. സുഹറ മമ്പാട്, നൂര്‍ബിന റഷീദ്, കുല്‍സു ടീച്ചര്‍, ജയന്തി രാജന്‍, ബ്രസീലിയ ഷംസുദ്ദീന്‍, ഫാത്തിമ തഹ്ലിയ, ഷാജിത നൗഷാദ് എന്നിവരാണ് സീറ്റ് പ്രതീക്ഷിക്കുന്നവര്‍. പരമാവധി രണ്ട് സീറ്റില്‍ വനിതകളെ മത്സരിപ്പിക്കാനാണ് ലീഗ് നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ച. ഒരു സീറ്റ് ലീഗ് ദേശീയ സെക്രട്ടറിയും ദലിത് പ്രതിനിധിയുമായ ജയന്തി രാജന് നല്‍കാനും ആലോചനയുണ്ട്.

2021 ല്‍ കോഴിക്കോട് സൗത്തിലാണ് ലീഗിലെ ഏക വനിതാ സ്ഥാനാര്‍ഥി നൂര്‍ബിന റഷീദ് മത്സരിച്ചത്. പിണറായി തരംഗവും ലീഗിലെ കാലുവാരലും മൂലം നൂര്‍ബിന തോറ്റു. ഇത്തവണയും കോഴിക്കോട് സൗത്ത് ആണ് ലീഗ് വനിതക്ക് അനുവദിക്കുന്നതെങ്കില്‍ നൂര്‍ബിനക്ക് തന്നെയാണ് പ്രഥമ പരിഗണന. ചെറുപ്പക്കാരെ പരിഗണിക്കണമെന്ന ചര്‍ച്ച വന്നാല്‍ കോഴിക്കോട് സൗത്തില്‍ തന്നെയുള്ള കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയായിരുന്ന വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി ബ്രസീലിയ ഷംസുദ്ദീനെ പരിഗണിക്കാനിടയുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് സീറ്റിനായി ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്. 2021ല്‍ തന്നെ സീറ്റ് പ്രതീക്ഷിച്ചിരുന്ന ഹരിത മുന്‍ അധ്യക്ഷ ഫാത്തിമ തഹ്ലിയ ഇത്തവണയും ശക്തമായി രംഗത്തുണ്ട്.

Signature-ad

ഹരിത വിവാദത്തെ തുടര്‍ന്ന് സംഘടനാ നടപടി നേരിട്ട തഹ്ലിയയെ തിരിച്ചെടുത്തെങ്കിലും പാര്‍ട്ടി നേതൃത്വം അവരെ പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. ഹരിതയെ മുന്‍നിര്‍ത്തി തഹ്ലിയയും നജ്മ തബ്ഷീറയും ലീഗ് നേതൃത്വത്തിനെതിരെ നടത്തിയ കലാപം ലീഗ് ചരിത്രത്തിലെ തന്നെ കറുത്ത ഏടായാണ് നേതൃത്വം കാണുന്നത്. വലിയ ഉദാരതക്ക് സാദിഖലി തങ്ങള്‍ തയ്യാറായാല്‍ മാത്രമേ തഹ്ലിയക്ക് നിയമസഭയിലേക്ക് അവസരം ലഭിക്കൂ. തഹ്ലിയയെയും നജ്മയെയും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ മത്സരിപ്പിക്കണമെന്ന ചര്‍ച്ചയും നേതൃത്വത്തിലുണ്ട്.

ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന് സീറ്റ് നല്‍കണമെന്ന ആലോചന ലീഗില്‍ കാര്യമായി തന്നെ നടക്കുന്നുണ്ട്. സംവരണ സീറ്റുകളിലൊന്ന് ജയന്തി രാജന് നല്‍കാനാണ് നേതൃത്വം ആലോചിക്കുന്നത്. ജൂലൈ 20, 21 തീയതികളില്‍ നടന്ന വനിതാ ലീഗിന്റെ കാപ്പാട് ക്യാമ്പില്‍ സാദിഖലി തങ്ങള്‍ നടത്തിയ പ്രസംഗത്തില്‍ ഇതിന്റെ സൂചനകളുണ്ടായിരുന്നു. വനിതാ ലീഗിന് സീറ്റ് നല്‍കുമ്പോള്‍ ഇതര മതസ്ഥരെയും ചേര്‍ത്തു നിര്‍ത്തുമെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം. 2021ല്‍ ചേലക്കര ലീഗിന് നല്‍കാന്‍ യുഡിഎഫില്‍ ആലോചന നടന്നപ്പോള്‍ പാര്‍ട്ടി പരിഗണിച്ചത് ജയന്തിയെ ആയിരുന്നു.

നിയമസഭാ സീറ്റ് തരപ്പെടുത്താനുള്ള വനിതാ ലീഗ് നേതാക്കളുടെ സമ്മര്‍ദ നീക്കത്തില്‍ മുന്നിലുള്ളത് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് തന്നെയാണ്. മുജാഹിദ് നേതൃത്വത്തില്‍ കൂടി പ്രവര്‍ത്തിക്കുന്ന സുഹറ എല്ലാ ബന്ധങ്ങളും ഉപയോഗിച്ചാണ് സമ്മര്‍ദം ശക്തമാക്കിയത്. ലീഗിലെ പുതുതലമുറ വനിതാ നേതാക്കളും സുഹറയും തമ്മിലുള്ള അകലം സ്ഥാനാര്‍ഥി സാധ്യതക്ക് തടസ്സമാകുന്ന ഘടകമാണ്.

ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി നല്ല പ്രകടനം നടത്തിയ സുഹറക്ക് പക്ഷെ, വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് തിളങ്ങാനായില്ല. വെട്ടിനിരത്തല്‍ ശൈലിയില്‍ സംഘടനാ തീരുമാനങ്ങളെടുക്കുന്നുവെന്ന വിമര്‍ശനം നേരിടുന്ന സുഹറയെ പരിഗണിക്കുന്നതിനോട് മുതിര്‍ന്ന പല ലീഗ് നേതാക്കള്‍ക്കും താത്പര്യമില്ല . എങ്കിലും വനിതാ ലീഗ് അധ്യക്ഷ എന്ന നിലയില്‍ സീറ്റിനുള്ള അവരുടെ അവകാശ വാദം പാര്‍ട്ടിക്ക് എളുപ്പം തള്ളിക്കളയാനാവില്ല.

തുടര്‍ച്ചയായി തമ്മിലടിക്കുന്ന വനിതാ ലീഗ് സംസ്ഥാന ഭാരവാഹികളെ നിലക്ക് നിര്‍ത്തി സംഘടനാ പ്രവര്‍ത്തനം സുഗമമാക്കാന്‍ ലീഗ് നേതാക്കള്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലമില്ലാത്ത സ്ഥിതിയാണ്. ആരും ആരെയും അംഗീകരിക്കില്ല എന്നതാണ് സംസ്ഥാന കമ്മിറ്റിയിലെ സ്ഥിതി. വനിതാ ലീഗ് നിരീക്ഷകരായ അഡ്വ. റഹ്‌മത്തുല്ലയും സി.എച്ച് റഷീദും ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള നിരാശ കാപ്പാട് ക്യാമ്പില്‍ മറച്ചുവെച്ചില്ല. ഹരിത നേതാക്കളില്‍ പ്രതിച്ഛായയുള്ള പലരെയും അടുപ്പിക്കില്ല എന്ന വിമര്‍ശനവും വനിതാ ലീഗ് നേതൃത്വം നേരിടുന്നുണ്ട്.

പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ തോന്നിയപോലെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറയുകയാണെന്നും ഇത് അപമാനകരമാണെനന്നും അച്ചടക്ക സമിതി വേണമെന്നും കാപ്പാട് ക്യാമ്പില്‍ മലപ്പുറത്ത് നിന്നുള്ള ജില്ലാ ഭാരവാഹി ആവശ്യമുന്നയിച്ചിരുന്നു. ഫാത്തിമ തഹ്ലിയ, നജ്മ തബ്ഷീറ തുടങ്ങിയ പുതുതലമുറ നേതാക്കളും വനിതാ ലീഗും സമാന്തരമായാണ് സഞ്ചരിക്കുന്നത് എന്ന വിമര്‍ശനവും ക്യാമ്പില്‍ ഉന്നയിക്കപ്പെട്ടു. ന്യൂ ജനറേഷനും വനിതാ ലീഗും തമ്മിലുള്ള ശീത സമരത്തില്‍ കക്ഷി ചേരാതെ മാറിനില്‍ക്കുകയാണ് ലീഗ് നേതൃത്വം. വനിതകളെ സീറ്റിനായി പരിഗണിക്കുമ്പോഴും ലീഗ് ഈ വെല്ലുവിളി നേരിടേണ്ടി വരും.

 

Back to top button
error: