‘കുറച്ചു ദിവസങ്ങളായി ആസൂത്രണം, പിടികൂടിയപ്പോള്‍ കൈയില്‍ ടൂളുകള്‍; വിവരം നല്‍കിയത് മൂന്നുപേര്‍’

കണ്ണൂര്‍: ജയില്‍ ചാടാനായി ഗോവിന്ദച്ചാമി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആസൂത്രണം നടത്തിയതായി പോലീസ്. ജയില്‍ ചാടാനായി ഉപയോഗിച്ചെന്ന് കരുതുന്ന ടൂളുകള്‍ പിടികൂടിയപ്പോള്‍ ഗോവിന്ദച്ചാമിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നിധിന്‍രാജ് ഐപിഎസ് പറഞ്ഞു.
പോലീസിനൊപ്പം വളരെ കൃത്യമായി ജനങ്ങളും ജാഗ്രത പുലര്‍ത്തിയതാണ് പ്രതിയെ പിടികൂടാന്‍ നിര്‍ണായകമായത്. മൂന്ന് പേരാണ് വളരെ കൃത്യമായ വിവരം നല്‍കിയത്. അവരോടും ജനങ്ങളിലേക്ക് വിവരങ്ങളെത്തിച്ച മാധ്യമങ്ങളോടും നന്ദി പറയുന്നതായും കമ്മിഷണര്‍ പറഞ്ഞു. ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം പോലീസിന് ലഭിക്കുന്നത് ആറര കഴിഞ്ഞിട്ടാണ്. ഇതിന് ശേഷം മൂന്നര മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടാനായെന്നും കമ്മിഷണര്‍ പറഞ്ഞു.
‘ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം പോലീസിന് ലഭിക്കുന്നത് ആറര കഴിഞ്ഞിട്ടാണ്. അപ്പോള്‍ മുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം പോലീസ് നടത്തി വരികയായിരുന്നു. സംസ്ഥാനത്തുടനീളം സമയബന്ധിതമായി വിവരം കൈമാറി. ജനങ്ങളുടെ ഭാഗത്ത് നിന്നും ജാഗ്രതയുണ്ടാക്കാന്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും സഹായമുണ്ടായി. 4:15നും അഞ്ചു മണിക്കും ഇടയിലാണ് പ്രതി ജയില്‍ ചാടിയതെന്നാണ് മനസ്സിലാക്കുന്നത്. അതിന് ശേഷം സസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. വിവരം ലഭിച്ച് മൂന്നര മണിക്കൂര്‍ കൊണ്ട് പ്രതിയെ പിടികൂടാനായി. പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് നിരവധി വിവരങ്ങള്‍ ലഭിച്ചു. അതില്‍ ശരിയും തെറ്റുമുണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ട് ലഭിച്ച വിവരമാണ് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ പരിസരത്ത് ഇയാളെ കണ്ടെന്നായിരുന്നു വിവരം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അവിടുത്തെ കിണറ്റില്‍നിന്ന് ഇയാളെ കണ്ടെത്തുന്നത്’ കമ്മിഷണര്‍ പറഞ്ഞു.
ജയില്‍ ചാടിയതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നത് പോലീസ് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘കൂടെയുണ്ടായിരുന്ന ആള്‍ക്ക് മൊഴി നല്‍കാനുള്ള സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. ജയില്‍ ചാടാന്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രതി നടത്തിയിരുന്നുവെന്ന് പ്രാഥമികമായി പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്’ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.






