ഹൂറിഫൈഡ്! പാര്‍ലമെന്റ് ആക്രമണത്തിലും മുംബൈ ആക്രമണത്തിലും പങ്കെടുത്തു; ഓപ്പറേഷന്‍ സിന്ദൂരില്‍ പരിക്കേറ്റ ലഷ്‌കര്‍ ഭീകരന്‍ മരിച്ചു

കറാച്ചി : 2001-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിലും 26/11 മുംബൈ ആക്രമണത്തിലും പ്രധാന പങ്കുവഹിച്ച ലഷ്‌കര്‍ ഭീകരന്‍ അബ്ദുള്‍ അസീസ് ആശുപത്രിയില്‍ മരിച്ചു. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി മെയ് 6-7 രാത്രിയില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ അസീസിന് പരിക്കേറ്റിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുള്‍ അസീസ് വേദന അനുഭവിക്കുന്നതിന്റെയും ഇയാളുടെ ശവസംസ്‌കാര ചടങ്ങില്‍ മറ്റ് ലഷ്‌കര്‍ ഭീകരര്‍ കണ്ണുനീര്‍ പൊഴിക്കുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും ഒസിന്റ് ടിവിയിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലഷ്‌കറിന്റെ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി, അബ്ദുള്‍ റൗഫ്, സംഘടനയിലെ മറ്റ് പ്രധാന അംഗങ്ങള്‍ എന്നിവര്‍ ഭീകരന്റെ സംസ്‌കാര ചടങ്ങില്‍ കണ്ണുനീര്‍ പൊഴിക്കുന്നത് കാണാം.
ലഷ്‌കറെ ത്വയ്ബയുടെ പഴയതും വിശ്വസ്തനുമായ അംഗമായിരുന്നു അബ്ദുള്‍ അസീസ്. ഇയാള്‍ ഒരു തീവ്രവാദി മാത്രമായിരുന്നില്ല, മറിച്ച് സംഘടനയുടെ പ്രധാന ഫണ്ട് മാനേജര്‍ ആയിരുന്നു. പാകിസ്ഥാനികളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലും ബ്രിട്ടനിലും അമേരിക്കയിലും സ്ഥിരതാമസമാക്കിയ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളില്‍ നിന്നും സംഭാവനകള്‍ ശേഖരിച്ച് ലഷ്‌കറിലേക്ക് അയച്ചിരുന്നതായി പറയപ്പെടുന്നു.
ഇതിനുപുറമെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലോജിസ്റ്റിക്‌സ്, ആയുധങ്ങള്‍, റിക്രൂട്ട്‌മെന്റ് എന്നിവയുടെയും ഉത്തരവാദിത്തം ഇയാള്‍ക്കായിരുന്നു. ഇപ്പോള്‍ ഈ ഭീകരന്റെ മരണത്തോടെ ലഷ്‌കറിന്റെ നട്ടെല്ല് തകര്‍ന്നു.






