കാന്തപുരത്തോട് സംസാരിച്ചവരുമായി ബന്ധമില്ല; നിമിഷ പ്രിയയെ വെറുതേ വിടുമെന്ന വാര്‍ത്ത നിഷേധിച്ച് തലാലിന്റെ സഹോദരന്‍; ഡോ. കെ.എ. പോളിന്റെ വാദവും തള്ളി; ‘യെമനിലെ സോഴ്‌സ് ഞാനാണ്, നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധേയമാക്കും’

സനാ: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കഴിഞ്ഞ ദിവസം യെമനില്‍ നിന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഗ്ലോബല്‍ പീസ് ഇനീഷ്യേറ്റീവ് സ്ഥാപകന്‍ ഡോ. കെ.എ പോളായിരുന്നു ഇത്തരമൊരു വാദത്തിന് പിന്നില്‍. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദി.
നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കും എന്നാണ് അബ്ദുള്‍ ഫത്താഹ് മെഹ്ദിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘ഇന്ത്യന്‍ സോഴ്സുകള്‍ നിമിഷപ്രിയയെ വെറുതെവിടുമെന്ന് പറയുന്നു. യെമന്‍ സോഴ്സ്, അത് ഞാനാണ്. ഇന്ത്യന്‍ നഴസിനെ ഉടന്‍ വധശിക്ഷയ്ക്ക് വിധേയമാക്കും’ എന്നാണ് െമഹ്ദി ഫെയ്സ്ബുക്കില്‍ കുറിച്ചത്. യെമന്‍ ടെലിവിഷനായ ബെല്‍കീസില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് മെഹ്ദിയുടെ കുറിപ്പ്.
കാന്തപുരവുമായി ചര്‍ച്ച നടത്തിയെന്ന് അവകാശപ്പെടുന്നവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും തലാലിന്‍റെ സഹോദരന്‍ വ്യക്തമാക്കി. ഇത്തരക്കാരെ ഒരിക്കലും കണ്ടിട്ടില്ലെന്നും ആശയവിനിമയം നടത്തിയിട്ടില്ലെന്നും മെഹ്ദി മറ്റൊരു പോസ്റ്റില്‍ എഴുതി. ‘ചര്‍ച്ചകളെ പറ്റി ഞങ്ങള്‍ക്ക് പൂര്‍ണമായി അറിയാം. പ്രഭാഷകനുമായി ആശയവിനിമയം നടത്തിയവര്‍ തങ്ങളുടെ അനുവാദത്തോടെയല്ല ഇത് ചെയ്തിരിക്കുന്നത്. ഇസ്‍ലാമിക നിയമവും യുക്തിയും അനുസരിച്ച് ഇത് അസ്വീകാര്യമാണ്, ഒരു സാഹചര്യത്തിലും അനുവദനീയമല്ല’ എന്നും മെഹ്ദി എഴുതി.
യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നാണ് ഡോ. കെ.എ പോള്‍ അവകാശവാദപ്പെട്ടത്. യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ ശക്തമായ ശ്രമത്തിനൊടുവില്‍ വധശിക്ഷ റദ്ദാക്കിയെന്നാണ് അവകാശവാദം. യെമന്‍ നേതാക്കളുടെ പരിശ്രമപൂര്‍വവും പ്രാര്‍ഥനാപൂര്‍വുമായ ശ്രമങ്ങള്‍ക്ക് നന്ദി പറയുന്നതായി കെ.എ പോള്‍ എക്സില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.
‘കഴിഞ്ഞ പത്ത് ദിവസമായി നേതാക്കൾ രാവും പകലും 24 മണിക്കൂറും പ്രവർത്തിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ വധശിക്ഷ റദ്ദാക്കാന്‍ പരിശ്രമിച്ച എല്ലാ നേതാക്കളോടും നന്ദി പറയുന്നു. ദൈവകൃപയാല്‍ നിമിഷപ്രിയയെ മോചിപ്പിക്കുമെന്നും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും. നയതന്ത്രജ്ഞരെ അയയ്ക്കാനും നിമിഷയെ സുരക്ഷിതക്കാനും തയ്യാറായതിന് പ്രധാനമന്ത്രി മോദി ജിയോട് നന്ദി പറയുന്നു’ എന്നിങ്ങനെയാണ് വിഡിയോയില്‍ പറയുന്നത്.






