Breaking NewsCrimeLead NewsNEWS
കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചു; അച്ഛനും 2 പെണ്മക്കളും മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ റായ്ച്ചൂരില്‍ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും 2 മക്കളും മരിച്ചു. അമ്മയെയും 2 മക്കളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിരവാര്‍ തിമ്മപ്പുര്‍ സ്വദേശി രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണു മരിച്ചത്. രമേഷിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവരാണു ചികിത്സയിലുള്ളത്.
രമേഷ് രണ്ടേക്കറില്‍ പരുത്തിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച പച്ചക്കറികളില്‍ കീടനാശിനി തളിച്ചിരുന്നു. തിങ്കള്‍ രാത്രി കുടുംബാംഗങ്ങള്‍ എല്ലാവരും അമരക്കയും റൊട്ടിയും ചോറും കഴിച്ചു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വയറുവേദനയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.






