ആ നോവല്‍ ഇനി ഇറക്കേണ്ട, പ്രസാധകന് കത്ത് നല്‍കി നോവലിസ്റ്റ്; ഇങ്ങനെയും ഒരു വിഎസ് കഥ

വി എസ് അച്യുതാനന്ദനെ മുഖ്യകഥാപാത്രമാക്കി പ്രസിദ്ധീകരിച്ച ഗ്രീഷ്മമാപിനി എന്ന നോവല്‍ പ്രസിദ്ധീകരിച്ച് കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം തുടര്‍ന്ന് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് നോവലിസ്റ്റായ പി സുരേന്ദ്രന്‍ പ്രസാധകരോട് ആവശ്യപ്പെട്ടിരുന്നു. അതോടു കൂടി 2008 ല്‍ പ്രസിദ്ധീകരിച്ച നോവല്‍ 2016 ന് ശേഷം പുനഃപ്രസിദ്ധീകരണമുണ്ടായില്ല.
നോവല്‍ പുസ്തകമായി ഇറങ്ങുന്നതിന് മുമ്പ് തന്നെ വി.എസ് അച്യുതാന്ദനെ കേന്ദ്രകഥാപാത്രമാക്കിയുള്ള രചനയാണെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. വിഎസ് മുഖ്യമന്ത്രിയായിരിക്കെ 2008 ലാണ് ഈ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. 2016 വരെ ഈ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കയും ചെയ്തിരുന്നു. എന്നാല്‍ 2016ലാണ് നോവലിസ്റ്റ് ഇനി ഈ നോവലിന്റെ പുതിയ പതിപ്പുകള്‍ പ്രസിദ്ധീകരിക്കേണ്ടിതില്ലെന്ന് കാണിച്ച് പ്രസാധകര്‍ക്ക് കത്തയച്ചത്.
അച്യുതാനന്ദനോടുള്ള വിയോജിപ്പാണ് ഇതിന് കാണമെന്നും അദ്ദേഹം ഏതൊരു സാധാരണ രാഷ്ട്രീയക്കാരനെ പോലെ അധികാരത്തോട് താല്‍പ്പര്യമുള്ള ഒരാളാണെന്നതാണ് അതിന് കാരണമെന്നും അന്ന് സുരേന്ദ്രന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നു.
വിഎസ് നോവലാകുന്നു എന്ന പുസ്തകത്തിന് കവറിന് മുകളില്‍ കൊടുത്തുകൊണ്ടാണ് നോവല്‍പുറത്തിറങ്ങിയത്. നോവല്‍ പുസ്തകരൂപത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ ഇതിലെ ചിലഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ വിഎസിനെ കുറിച്ചുള്ള നോവല്‍ എന്ന നിലയിലാണ് ചര്‍ച്ചയും വിവാദവും കൊഴുത്തത്.
അച്യുതാനന്ദന്‍ എന്ന വ്യക്തിയല്ല അതിലെ മുഖ്യകഥാപാത്രം, വിഎസ് ഉള്‍പ്പടെ പല നേതാക്കളുടെയും സ്വഭാവസവിശേഷതകള്‍ ഉള്‍പ്പെടുത്തിയ ഒരു കഥാപാത്രമായിരുന്നു അത്. നിലമ്പൂരിലെ കെ കുഞ്ഞാലി, ഇഎംഎസ് എന്നിങ്ങനെ വിപ്ലവകാരികളായ രാഷ്ട്രീയപ്രവര്‍ത്തകരുടെ അനുഭവങ്ങളും സ്വഭാവങ്ങളും അതിലുണ്ടായിരുന്നു. വി എസ്സും അതില്‍ ഉള്‍പ്പെട്ടിരന്നു. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ അത് വിഎസ് എന്ന നേതാവിലേക്ക് ചുരുക്കിയാണ് പ്രചരിപ്പിക്കപ്പെട്ടത്. അതാണ് വിഎസ്സിനെ കുറിച്ചുള്ള നോവലാണ് എന്ന തോന്നല്‍ വന്നുചേരാന്‍ കാരണം.
ഈ നോവലില്‍ പുതിയൊരു ആഖ്യാന സമീപനമാണ് ഉണ്ടായിരുന്നത്. അത് ചര്‍ച്ച ചെയ്യപ്പെട്ടില്ല, സാഹിത്യമല്ല, അതിനെ വി എസ് എന്ന കഥാപാത്രത്തിലേക്ക് ചുരുക്കിയാണ് വായിച്ചത്. അതിലുണ്ടായിരുന്ന പാരിസ്ഥിതിക വിഷയങ്ങള്‍, പ്രസംഗ രൂപത്തിലുള്ള ആഖ്യാന രീതിയൊക്കെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് കരുതി അതൊന്നുമുണ്ടായില്ല. ഇതിനെല്ലാം പുറമെ പിന്നീട് ഞാന്‍ വിഎസ്സിനെ വില്‍ക്കുന്നുവെന്ന ആരോപണവും വന്നു. വിഎസ്സിനെ വിറ്റു കാശാക്കുന്നുവെന്ന ചീത്തപ്പേര് കേള്‍ക്കണ്ടെയെന്നും കരുതി അതുകൊണ്ട് തുടര്‍ന്ന് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
പി സുരേന്ദ്രന്‍ രചിച്ച് 2008 ല്‍ പുറത്തിറങ്ങിയ ഗ്രീഷ്മമാപിനി എന്ന നോവല്‍,തുടക്കത്തില്‍ തന്നെ മൂവായിരം കോപ്പി പ്രസിദ്ധീകരിച്ചതായാണ് അന്ന് വന്ന വാര്‍ത്ത. എന്നാല്‍, എട്ട് വര്‍ഷം കൊണ്ട് എത്ര പതിപ്പ് ഇറക്കിയെന്നോ എത്ര കോപ്പി വിറ്റിട്ടുണ്ടോ എന്ന കാര്യം ഓര്‍മ്മയില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഈ നോവല്‍ പ്രസിദ്ധീകരിക്കുന്ന കാലത്ത് തന്നെയാണ് വി എസിനെ പേര് പറയാതെ കഥാപാത്രമാക്കിയ ദിനോസറുകളുടെ കാലം എന്ന എം മുകുന്ദന്റെ ചെറുകഥയും പ്രസിദ്ധീകരിക്കുന്നത്. ഈ നോവല്‍ പ്രസിദ്ധീകരിച്ച തൊട്ടടുത്ത വര്‍ഷം ദിനോസറുകളുടെ കാലം എന്നപേരില്‍ എം മുകുന്ദന്റെ കഥാസമാഹരവും പ്രസിദ്ധീകരിച്ചു.






