Breaking NewsCrimeLead NewsNEWS

ജാമ്യത്തിലിറങ്ങിയ ലഹരിക്കേസ് പ്രതിക്ക് പൊളപ്പന്‍ സ്വീകരണം, പടക്കം പൊട്ടിച്ചും പാട്ടുവച്ചും ആഘോഷം; 45 പേര്‍ അറസ്റ്റില്‍

മുംബയ്: ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ലഹരിക്കേസ് പ്രതിക്ക് ഊഷ്മള സ്വീകരണം. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരം അറസ്റ്റിലായ കമ്രാന്‍ മുഹമ്മദ് ഖാനാണ് ഗംഭീര വരവേല്‍പ് ലഭിച്ചത്. ജൂലായ് പതിനാറിന് മുംബയിലായിരുന്നു സംഭവം.

കമ്രാന്‍ മുഹമ്മദിനെ പടക്കം പൊട്ടിച്ചും, ഉച്ചഭാഷിണിയില്‍ പാട്ട് വച്ചും, മുദ്രാവാക്യങ്ങള്‍ വിളിച്ചുമൊക്കെയാണ് ചിലര്‍ സ്വീകരിച്ചത്. പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ വരവേല്‍പ്പൊരുക്കിയ നാല്‍പ്പത്തിയഞ്ചു പേര്‍ പൊലീസിന്റെ പിടിയിലായി.

Signature-ad

കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് കമ്രാന്‍ മുഹമ്മദ് ഖാന്‍ താനെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായത്. ഇയാളുടെ കൂട്ടാളികളെല്ലാം ജയിലിന് പുറത്ത് ഒത്തുകൂടി. കുറേ കാറുകളും ഇങ്ങോട്ടെത്തിച്ചിരുന്നു. കാറുകള്‍ നിരനിരയായി മീരാ റോഡിലെ നയനഗറിലേക്ക് പോയി. അവിടെ ഒരു ഹോട്ടലിന് സമീപം എല്ലാവരും ഒത്തുകൂടി പടക്കം പൊട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഉച്ചത്തില്‍ പാട്ടുവച്ചതോടെ സമീപവാസികള്‍ക്ക് അസ്വസ്ഥതയുണ്ടായി.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സുഹൃത്തുക്കള്‍ പടക്കം പൊട്ടിക്കുമ്പോള്‍ പ്രതി പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങള്‍ വളരെപ്പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇത് പൊലീസുകാരുടെ ശ്രദ്ധയിലുംപെട്ടു. ഇതോടെയാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയത്. ശനിയാഴ്ചയാണ് 45 പേര്‍ക്കെതിരെ കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: