പ്രസിഡന്റ് സ്ഥാനത്തേക്ക് അസിം മുനീര്‍: പാക്കിസ്ഥാനില്‍ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത; മുനീറും അയൂബ് ഖാന്റെ അതേ പാതയിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആസിഫ് അലി സര്‍ദാരിയെ മാറ്റി അസിം മുനീറിനെ പ്രസിഡന്റ് ആക്കാനുള്ള നീക്കം നടക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാക്കിസ്ഥാനില്‍ വമ്പന്‍ രാഷ്ട്രീയ അട്ടിമറി നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞെങ്കിലും അസിം മുനീറിന്റെ നേതൃത്വത്തില്‍ ഒരു അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷം ആദ്യം ഗള്‍ഫ്, മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകളില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രിക്കൊപ്പം പോയ അസിം മുനീര്‍ പിന്നാലെ ശ്രീലങ്കയും ഇന്തൊനീഷ്യയും ഒറ്റയ്ക്ക് സന്ദര്‍ശിച്ചിരുന്നു. ഇതോടെയാണ് ഭരണരംഗത്തേക്ക് സൈനിക മേധാവിയുടെ കടന്നുവരവ് ചര്‍ച്ചയാകുന്നത്.
കഴിഞ്ഞ മാസം വൈറ്റ് ഹൗസില്‍ വച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി അസിം മുനീര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനു പോലും ട്രംപ് ഇതുവരെ സ്വീകരണം നല്‍കിയിട്ടില്ല എന്നതും ഒരു ‘അട്ടിമറി’ സാധ്യത അവശേഷിപ്പിക്കുന്നുണ്ട്. അയൂബ് ഖാന് ശേഷം പാക്കിസ്ഥാന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഫീല്‍ഡ് മാര്‍ഷലാണ് അസിം മുനീര്‍. 1958 ഒക്ടോബറില്‍ അന്നത്തെ പ്രസിഡന്റ് ഇസ്കന്ദര്‍ മിര്‍സയെ സൈനിക അട്ടിമറിച്ചാണ് അയൂബ് ഖാന് രാജ്യത്തിന്റെ ആദ്യ സൈനിക ഭരണാധികാരിയായി മാറിയത്. മുനീറും അതേ പാതയിലാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.






