ധാക്കയില്‍ വിമാനം സ്‌കൂളിനുമേല്‍ തകര്‍ന്നുവീണ് 19 മരണം:അപകടം കുട്ടികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ; അഹമ്മദാബാദിനെ ഓര്‍മിപ്പിക്കുന്ന ദുരന്തം

ധാക്ക: അഹമ്മദാബാദ് അപകടത്തിന് സമാനമായ ദുരന്തം ബംഗ്ലാദേശിലും. ധാക്കയിലെ സ്‌കൂളും കോളജും പ്രവര്‍ത്തിക്കുന്ന മൈല്‍സ്റ്റോണ്‍ എന്ന വിദ്യാലയത്തിനു മുകളില്‍ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനമാണ് തകര്‍ന്നത്. മരിച്ചവരില്‍ 16 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും പൈലറ്റും ഉള്‍പ്പെടുന്നു. അപകടത്തില്‍ നൂറ്റന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ചിലര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
പരിശീലന ജെറ്റായ എഫ്-7 ബിജിഐ ആണ് തകര്‍ന്നുവീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞ്, ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് സംഭവം. അപകടം നടന്നയുടന്‍ വിമാനത്തിന് തീപ്പിടിച്ചു. തീയണയ്ക്കാന്‍ വിവിധ അഗ്‌നിരക്ഷാ സേനാ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. സംഭവസ്ഥലത്തുനിന്ന് 19 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പരിക്കേല്‍ക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്ത അന്‍പതിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ഫയര്‍ സര്‍വീസ് ആന്‍ഡ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സഹേദ് കമാല്‍ പറഞ്ഞു.
പൊള്ളലേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇവരുടെയെല്ലാം നില ഗുരുതരവുമാണ്. മരിച്ചവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതലും കുട്ടികളാണ് ആശുപത്രിയിലെത്തിയതെന്ന് അധികൃതര്‍ അറിയിക്കുന്നു. സ്‌കൂള്‍ വിട്ട സമയത്തായിരുന്നു അപകടം. ചില കുട്ടികള്‍ കാന്റീനിലും മറ്റുചിലര്‍ പുറത്തും കോണിപ്പടിയിലും ബാല്‍ക്കണിയിലുമൊക്കെയായിരുന്നു. ക്ലാസ് മുറിക്കകത്തെ കുട്ടികളെ ഒരു വിധത്തിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സ്‌കൂള്‍ കാന്റീനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ, വലിയ ശബ്ദം കേട്ടെന്ന് വിദ്യാര്‍ഥിയായ മിന്‍ഹാസ് പറയുന്നു. വിമാനം ആദ്യം തൊട്ടടുത്ത ഏഴുനില കെട്ടിടത്തില്‍ ഇടിച്ചു. പിന്നീട് സ്‌കൂള്‍ കെട്ടിടത്തിലേക്ക് തകര്‍ന്നുവീണു. ഉടന്‍തന്നെ തീപടര്‍ന്നു. എല്ലാവരും നിലവിളിച്ചോടുകയായിരുന്നുവെന്നും മിന്‍ഹാസ് പറഞ്ഞു. കൂട്ടുകാര്‍ വെന്തുരുകുന്നത് തങ്ങള്‍ കണ്‍മുന്നില്‍ കണ്ടുവെന്ന് ചില വിദ്യാര്‍ഥികള്‍ പറഞ്ഞു. ചിലരുടെയൊക്കെ ശരീരാവയവങ്ങള്‍ ചിതറിപ്പോയിരുന്നു. യാഥാര്‍ഥ്യമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാന്‍ പറ്റിയില്ല. സ്‌കൂളാകെ തീ വിഴുങ്ങി. മരണത്തെ ഇത്ര അടുത്തുനിന്ന് കാണുന്നത് ആദ്യമാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.






