
മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ ബുധനാഴ്ച ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ കളിക്കുമെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അഞ്ചില്‍ മൂന്നു ടെസ്റ്റുകള്‍ കളിക്കാനായിരുന്നു തീരുമാനം. എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചെങ്കിലും ഇതില്‍ കഴിക്കാന്‍ ബുംറയ്ക്കു കഴിഞ്ഞിരുന്നില്ല. മൂന്നാം ടെസ്റ്റിന് ഇറങ്ങിയെങ്ങിലും ഇന്ത്യ 22 റണ്‍സിനു പരാജയപ്പെട്ടു.
ഇന്ത്യ നിലവില്‍ 1-2ന് പിന്നിലാണ്. ഈ സാഹചര്യത്തില്‍ അടുത്ത രണ്ടു മത്സരങ്ങള്‍ കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ആദ്യ ഔട്ട്‌ഡോര്‍ സെഷനു പിന്നാലെയാണ് ബുംറയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്ക സിറാജ് നീക്കിയത്.
‘എനിക്കറിയാവുന്നിടത്തോളം ജസി ഭായ് കളിക്കും. ഞങ്ങളുടെ കോമ്പിനേഷന്‍ പരിക്കുകള്‍ കാരണം ദിവസം തോറും മാറിക്കൊണ്ടിരിക്കുകയാണെന്നും സിറാജ് പറഞ്ഞു. ‘ഇംഗ്ലണ്ട് എങ്ങനെ കളിക്കുന്നു എന്നതു പരിഗണിച്ച് മികച്ച സെഷനുകളില്‍ ബൗളിംഗ് തുടരുകയെന്നതാണു ഞങ്ങളുടെ പദ്ധതി. കഴിഞ്ഞ മത്സരത്തിലെന്നപോലെ ക്ഷമയോടെ അവര്‍ കളിക്കണമെന്നാണ് ആഗ്രഹം. മികച്ച ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെ’ന്നും സിറാജ് കൂട്ടിച്ചേര്‍ത്തു.
കൈയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് അര്‍ഷ്ദീപ് സിംഗ് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍നിന്ന് പുറത്തായതോടെ, ഇന്ത്യ സീമര്‍ അന്‍ഷുല്‍ കംബോജിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് നിതീഷ് റെഡ്ഡിയും പരമ്പരയില്‍നിന്നു പുറത്തായി. ഇതോടെയാണു ബൗളിംഗ് കോമ്പിനേഷന്‍ പുനപരിശോധിക്കാന്‍ തീരുമാനിച്ചത്. അടിവയറ്റില്‍ പരിക്കേറ്റതിനെ തുടര്‍ന്നു തിങ്കളാഴ്ച നെറ്റ്‌സില്‍ അര്‍ഷ്ദീപ് പന്തെറിഞ്ഞിട്ടില്ല.
‘ആകാശ് ദീപിന് അടിവയറ്റില്‍ പ്രശ്‌നങ്ങളുണ്ട്. ഫിസിയോകള്‍ പരിശോധിക്കുന്നുണ്ട്. രാവിലെ അദ്ദേഹം പന്തെറിഞ്ഞു. എന്നാല്‍, ഡോക്ടര്‍മാരില്‍നിന്ന് ഇതുവരെ മറുപടികള്‍ ലഭിച്ചിട്ടില്ല. അര്‍ഷ്ദീപിന് പരിക്കേറ്റതിനാല്‍ അന്‍ഷുല്‍ തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ആശംസകള്‍ നേരുന്നെ’ന്നും സിറാജ് പറഞ്ഞു. നെറ്റ്‌സിന്റെ വഴുക്കലുള്ള സ്വഭാവം കാരണം തിങ്കളാഴ്ച നെറ്റ്‌സിലെ പരിശീലനത്തില്‍ ബുംറ അധികസമയം പന്തെറിഞ്ഞില്ല. Bumrah will play, confirms Siraj






