അപ്രതീക്ഷിത പ്രഖ്യാപനം: പടിയിറക്കം അഭിമാനത്തോടെയെന്ന് രാജിക്കത്ത്; ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു, തീരുമാനം ആരോഗ്യ പരിചരണത്തെ മുന്‍നിര്‍ത്തി

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി എന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹം തന്റെ രാജിക്കത്ത് സോഷ്യല്‍ മീഡിയയിലും പങ്കുവച്ചിട്ടുണ്ട്.
മെഡിക്കല്‍ ഉപദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നത് എന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നും രാജിക്കത്ത് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്.
‘ആരോഗ്യ പരിചരണത്തെ മുന്‍നിര്‍ത്തി, ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന്, ഞാന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ഉടന്‍ പ്രാബല്യത്തില്‍ രാജിവയ്ക്കുന്നു,’ എന്ന് അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു. ഭരണഘടനയുടെ 67(എ) വകുപ്പിന്റെ അടിസ്ഥാനത്തിലാണ് രാജി സമര്‍പ്പിച്ചതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമൊപ്പം പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ജഗദീപ് ധന്‍കര്‍ പറഞ്ഞു.
2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം തികയും മുന്‍പാണ് രാജിപ്രഖ്യാപനം. ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ് അദ്ദേഹം ചുമതലയില്‍ തിരികെയെത്തിയത്. തിങ്കളാഴ്ചയും അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിരുന്നു.
മുതിര്‍ന്ന നിയമവിദഗ്ധനും രാഷ്ട്രീയനേതാവുമായ അദ്ദേഹം ബംഗാള്‍ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ ധന്‍കര്‍ ബി ജെ പിയുടെ പ്രമുഖ നേതാക്കന്മാരില്‍ ഒരാളുമായിരുന്നു. 1989-ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഉപരാഷ്ട്രപതിയായി അദ്ദേഹം രാജ്യസഭയുടെ ചെയര്‍മാനായി ഇന്ന് നടന്ന പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിലും സജീവമായി പങ്കെടുത്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ജഗദീപ് ധന്‍കര്‍ രാജി സമര്‍പ്പിക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിലനിന്നിരുന്നു. മാര്‍ച്ച് 9-ന് അദ്ദേഹത്തെ എയിംസില്‍ ചെസ്റ്റ് പെയിനിന് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഔദ്യോഗികമായി ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.
1989-ല്‍ ജനതാദള്‍ പാര്‍ട്ടിയുടെ അംഗമായി ജുണ്ണജുണ്ടില്‍നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജഗദീപ് ധന്‍കര്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ സംസ്ഥാന പാര്‍ലമെന്ററി കാര്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചു. പിന്നീട് കോണ്‍ഗ്രസ്സിലും 2003-ല്‍ ബി ജെ പിയിലും ചേരുകയായിരുന്നു. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മാര്‍ഗരറ്റ് ആല്‍വയ്‌ക്കെതിരെ വലിയ ഭൂരിപക്ഷത്തിനായിരുന്നു ധന്‍കര്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ധന്‍കറിന് 528 വോട്ടുകളും ആല്‍വയ്ക്ക് 182 വോട്ടുകളുമാണ് ലഭിച്ച്. 15 വോട്ടുകള്‍ അസാധുവായി.
ബംഗാള്‍ ഗവര്‍ണ്ണര്‍ ആയിരിക്കെ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു ജഗദീപ് ധന്‍കര്‍. ഇതേ തുടര്‍ന്ന് ധന്‍കര്‍ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.






