Breaking NewsKeralaLead NewsNEWS

ഇനി ഞാന്‍ ‘ഇ’റങ്ങട്ടെ! എഫ് 35 നാളെ മടങ്ങും; വാടകയിനത്തില്‍ വിമാനത്താവളത്തിനും എയര്‍ ഇന്ത്യയ്ക്കും ലക്ഷങ്ങള്‍

തിരുവനന്തപുരം: തകരാര്‍ പരിഹരിച്ച് തിരികെപ്പറക്കാന്‍ സജ്ജമായ ബ്രിട്ടിഷ് യുദ്ധവിമാനത്തെ വിമാനത്താവളത്തിലെ ഹാങ്ങറില്‍നിന്ന് ഇന്നു പുറത്തിറക്കും. ഒരു മാസത്തിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ വിമാനം നാളെ തിരികെപ്പറക്കും. വിമാനം പുറത്തിറക്കി അന്തിമ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ ഇന്നു തന്നെ കൊണ്ടുപോകുന്നതും പരിഗണിക്കുന്നുണ്ട്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ഏതാനും ആഴ്ചകള്‍ മുന്‍പെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ തിരികെക്കൊണ്ടുപോകാന്‍ ബ്രിട്ടനില്‍ നിന്നുള്ള ഗ്ലോബ്മാസ്റ്റര്‍ വിമാനം നാളെയെത്തുമെന്നാണു വിവരം. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കാനെത്തിച്ച ഉപകരണങ്ങളും തിരികെക്കൊണ്ടുപോകും.

ഇന്ത്യ-പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് ജൂണ്‍ 14ന് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. വിമാനവാഹിനി കപ്പലില്‍നിന്ന് 2 എന്‍ജിനീയര്‍മാര്‍ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. പിന്നീട് ബ്രിട്ടനില്‍നിന്ന് വിദഗ്ധരെത്തി വിമാനം ഹാങ്ങറിലേക്ക് മാറ്റി അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ശത്രുവിന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിവുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം.

Signature-ad

വാടക ഇനത്തില്‍ 8 ലക്ഷത്തോളം രൂപ വിമാനത്താവളത്തിനും ഹാങര്‍ സംവിധാനം നല്‍കിയതിന് എയര്‍ ഇന്ത്യയ്ക്കും ലഭിക്കും. വിമാനത്താവളത്തില്‍ യുദ്ധവിമാനം നിര്‍ത്തിയിട്ടതിന്റെ പാര്‍ക്കിങ് ഫീസ്, വിമാനമിറക്കിയതിന്റെ ലാന്‍ഡിങ് ചാര്‍ജ് എന്നിവ ചേര്‍ത്തുള്ള തുക വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കാണ് ബ്രിട്ടിഷ് അധികൃതര്‍ നല്‍കേണ്ടത്. എഫ് 35 ബി യുദ്ധവിമാനത്തിന്റെ വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്കിങ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

Back to top button
error: