Breaking NewsCrimeLead NewsNEWS

‘അടിവസ്ത്രം ഊരി മുഖത്തെറിഞ്ഞു, മൂത്രം കുടിപ്പിച്ചു; അവന് ഒരു ഭാര്യയെ അല്ല, അടിമയെയാണ് വേണ്ടത്’… 17 ാം വയസില്‍ പിന്നാലെ കൂടിയ വയ്യാവേലി

കൊല്ലം: ഷാര്‍ജയിലെ അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരേ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങള്‍. സതീഷില്‍നിന്ന് നിരന്തര ഉപദ്രവും കൊടിയപീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്നാണ് സുഹൃത്ത് ആരോപിച്ചത്. സതീഷ് അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്കറിഞ്ഞെന്നും സുഹൃത്ത് ആരോപിച്ചു.

”ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു. നാട്ടില്‍ പോകണമെന്ന് പറഞ്ഞിട്ടും അയാള്‍ വിട്ടില്ല. നമ്മള്‍ വിളിക്കുമ്പോഴും അയാള്‍ക്ക് സംശയമാണ്. സ്പീക്കറിലിട്ട് അനങ്ങാതെനിന്ന് കേള്‍ക്കും. അവനില്ലാത്ത സമയം നോക്കിയേ അവള്‍ വിളിക്കാറുള്ളൂ. വിളിക്കുമ്പോഴെല്ലാം വിഷമങ്ങള്‍ പറയും. പക്ഷേ, ഒരിക്കലും അത് ആത്മഹത്യയിലേക്ക് എത്തില്ല. കാരണം ആത്മഹത്യ ചെയ്തേക്കാമായിരുന്ന വലിയവലിയ പ്രശ്നങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. അപ്പോള്‍ ചെയ്യണമെന്നായിരുന്നു. ഇപ്പോള്‍ മരിക്കുന്നതിന് തലേദിവസം ഭയങ്കര സന്തോഷത്തോടെയാണ് അവള്‍ സംസാരിച്ചത്. ജോലിക്ക് കയറുന്നതിന്റെ സന്തോഷത്തിലായിരുന്നു.

Signature-ad

അവന് ഒരു ഭാര്യയെ അല്ല, ഒരു അടിമയാണ് വേണ്ടിയിരുന്നത്. ജോലിക്ക് പോകുമ്പോള്‍ മൂന്നുനേരത്തെ ഭക്ഷണവും തയ്യാറാക്കികൊടുക്കണം. അവന്റെ ഷൂലേസ് വരെ കെട്ടികൊടുക്കണം. ഉപയോഗിച്ച കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ്, അത് തറയിലിട്ടശേഷം അവളുടെ മുഖത്ത് വെച്ച് തുടച്ച സംഭവമുണ്ടായി. അടിവസ്ത്രം ഊരി അവളുടെ മുഖത്താണ് എറിയുന്നത്. ഷൂലേസ് വരെ അവള്‍ കെട്ടികൊടുത്താലേ അവന്‍ പുറത്തിറങ്ങുകയുള്ളൂ. കഴിഞ്ഞതവണ അവള്‍ നാട്ടിലേക്ക് വരുന്നതിന് മുന്‍പ് കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ് പൊതിരെതല്ലി. എന്നിട്ട് കര്‍ച്ചീഫ് കൊണ്ട് അടുക്കളയും കുളിമുറിയും തുടച്ചിട്ട് അവളുടെ മുഖത്തേക്കിട്ടു. ഇതാണ് നിനക്കുള്ള ശിക്ഷ എന്നുപറഞ്ഞായിരുന്നു ഈ ഉപദ്രവം.

പറയാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാലും ഞാന്‍ ഓപ്പണായി പറയുകയാണ്. അവന്‍ മൂത്രമൊഴിച്ചിട്ട് അതുവരെ അവളെക്കൊണ്ട് കുടിപ്പിച്ചിട്ടുണ്ട്. എന്നോട് അത് പറഞ്ഞിട്ടുള്ളതാണ്. പറയാന്‍ പറ്റുന്നില്ല ഞങ്ങള്‍ക്ക്. ഇങ്ങനെയൊരു സംഭവം ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല. അന്ന് രാത്രി 12.30-ന് നാളെ ജോലിക്ക് പോകുവാണെന്ന് സന്തോഷത്തോടെയാണ് മെസേജ് അയച്ചത്. പിന്നെ ആ നാലുമണിക്കൂറിനുള്ളില്‍ എന്താണ് സംഭവിച്ചത്.

അവള്‍ ഗര്‍ഭിണിയായിരുന്ന സമയത്തും ഉപദ്രവമുണ്ടായിരുന്നു. ആത്മഹത്യ ചെയ്യുകയാണേല്‍ അപ്പോള്‍ ചെയ്യുമായിരുന്നു. ഇത്രയും പ്രശ്നം സഹിച്ച വ്യക്തി ഒരിക്കലും ഈയൊരു ചെറിയകാര്യത്തിന് ആത്മഹത്യചെയ്യില്ല. അവള്‍ക്ക് കുഞ്ഞായിരുന്നു വലുത്. ആ കുഞ്ഞിനോട് അവന് യാതൊരു ആത്മാര്‍ഥതയുമില്ല. പെണ്‍കുഞ്ഞായതിനാല്‍ അതിന്റെപേരില്‍ ഒരുപാട് ഉപദ്രവിച്ചു. അവളെ ഒരിക്കലും പുറത്തേക്ക് വിടില്ല. മുറി പൂട്ടിയിട്ടാണ് അവന്‍ പുറത്തുപോയിരുന്നത്. ദുബായില്‍ ഇവള്‍ ജോലിക്കായി പോയതാണ്. അവളുടെ അച്ഛന്റെയും മറ്റും കാലുപിടിച്ച് പറഞ്ഞശേഷമാണ് അവള്‍ അവന്റെയൊപ്പം വീണ്ടും പോയത്. അവളെ കാണാന്‍ നല്ല ചെറുപ്പമാണ്. അവള്‍ ഒരുങ്ങിനടക്കുന്നതൊന്നും അവന് താത്പര്യമില്ലായിരുന്നു.

സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞാണ് വിവാഹശേഷം ആദ്യം ഉപദ്രവം തുടങ്ങിയത്. തന്റെ ശമ്പളത്തിന് ഇത്രയൊന്നും കിട്ടിയാല്‍ പോരെന്നായിരുന്നു അയാള്‍ പറഞ്ഞിരുന്നത്. അങ്ങനെ ആദ്യം കൊടുത്തതിനെക്കാള്‍ പിന്നെയും കൊടുക്കേണ്ടിവന്നു. അവന്റെ വീട്ടില്‍ പോയിനിന്ന ദിവസങ്ങളില്ലെല്ലാം വഴക്കുണ്ടായി തിരിച്ചുവരും. ഏഴുമാസം ഗര്‍ഭിണിയായ സമയത്തും ഉപദ്രവിച്ചു. വയറ്റില്‍ ചവിട്ടി. പ്രസവം കഴിഞ്ഞ് കുറേനാള്‍ പിണങ്ങിക്കഴിഞ്ഞു. പിന്നെ അയാള്‍വന്നു. അങ്ങനെ അഡ്ജസ്റ്റ് ചെയ്തുപോവുകയായിരുന്നു.

നല്ലരീതിയില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അതുല്യ. സതീഷ് റോഡില്‍വെച്ച് കണ്ട് ഇഷ്ടപ്പെട്ടാണ് വിവാഹാലോചനയുമായി വന്നത്. ഈ കല്യാണത്തിന് അവളുടെ വീട്ടുകാര്‍ക്കും താത്പര്യമില്ലായിരുന്നു. അവള്‍ പഠിക്കട്ടെയെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ, അവനും അവന്റെ അമ്മയും നിരന്തരം അവളുടെ വീട്ടിലെത്തി പെണ്ണുചോദിച്ചു. അങ്ങനെ അവരെ വിശ്വാസത്തിലെടുത്താണ് കല്യാണം നടക്കുന്നത്. 17 വയസ്സില്‍ വിവാഹനിശ്ചയം കഴിഞ്ഞു. പിന്നാലെ അതിനുശേഷം കല്യാണവും സംഭവിച്ചു.

വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ ചേട്ടനാണ് തുടര്‍ന്ന് പഠിക്കാന്‍ വിട്ടതെന്ന് അവള്‍ പറഞ്ഞിരുന്നു. പ്രൈവറ്റ് കോളേജിലാണ് പറഞ്ഞുവിട്ടത്. ഇംഗ്ലീഷ് എടുത്താല്‍ മതിയെന്ന് അയാള്‍ പറഞ്ഞു. അവള്‍ അത് പഠിച്ചു. ശാസ്താംകോട്ട തന്നെയാണ് സതീഷിന്റെയും സ്വദേശം. അവന്റെ വികാരം തീര്‍ക്കാനുള്ള ഒരു ഉപകരണമായിട്ട് മാത്രമാണ് അയാള്‍ അവളെ കണ്ടത്. അല്ലാതെ ഒരു ഭാര്യയുടെ സ്ഥാനം അവള്‍ക്ക് കൊടുത്തിട്ടില്ല. ആ കുഞ്ഞിനും അതിന്റെ സ്ഥാനം കിട്ടിയില്ല. ആ കുഞ്ഞിന് അവനെ പേടിയാണ്”, സുഹൃത്ത് ആരോപിച്ചു.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്‌ളാറ്റില്‍ അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനിയാണ് അതുല്യ(30). ഒരുവര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു.

ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ഭര്‍ത്താവ് സതീഷ് ശങ്കര്‍ ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ എന്‍ജീനീയറാണ്. സതീഷ് ശങ്കര്‍ കൂട്ടുകാര്‍ക്കൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ മടങ്ങിയെത്തിയതോടെയാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതിമാരുടെ ഏക മകള്‍ ആരാധിക നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്.

ചവറ തെക്കുംഭാഗം കോയിവിള അതുല്യഭവനത്തില്‍ രാജശേഖരന്‍ പിള്ളയുടെയും തുളസിഭായ് പിള്ളയുടെയും മകളാണ് അതുല്യ. ഏകസഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്‌ലാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. സതീഷും അതുല്യയും തമ്മില്‍ വഴക്കിടാറുണ്ടെന്നും ഭര്‍ത്താവില്‍നിന്ന് കൊടിയപീഡനമാണ് അതുല്യ നേരിട്ടിരുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സതീഷ് അതുല്യയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

 

Back to top button
error: