‘കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും; വര്‍ഗീയത പരത്തുന്നതിന് എനിക്കെതിരെ കേസടുത്തോളൂ’

കൊച്ചി: വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ മറുപടിയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തന്നെ വേട്ടയാടുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്നും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. താന്‍ സാധാരണക്കാരനാണ്, ജനറല്‍ സെക്രട്ടറിയുടെ കസേരയിലിരുത്തിയ സമുദായത്തിന് വേണ്ടിയാണ് എല്ലാം പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
”ഞാനൊരു സമുദായത്തിനും എതിരല്ല, സാമൂഹ്യനീതിക്ക് വേണ്ടി ഞാന്‍ പറയും. അത് ഇന്നും പറയും നാളെയും പറയും. എന്റെ കോലം കത്തിച്ചാലും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയും. ഇരുപത്തിനാല് മണിക്കൂറും ജാതി മാത്രം പറയുകയും ജാതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്നെ ജാതിക്കോമരമെന്ന് പറയുന്നത്” വെള്ളാപ്പള്ളി പറഞ്ഞു.’വര്‍ഗീയത പരത്തുന്നതിന് എനിക്കെതിരെ കേസടുത്തോളൂ’ എന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു. വെള്ളാപ്പള്ളി നടേശന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായതിന്റെ 30ാം വാര്‍ഷികം ആഘോഷിക്കുന്ന സ്വീകരണ വേദിയിലാണ് പ്രതികരണം.
തനിക്ക് രാഷ്ട്രീയ മോഹങ്ങളില്ല. ഈഴവരുടെ ഭൂമി ന്യൂനപക്ഷങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഭൂരിപക്ഷങ്ങള്‍ക്ക് ഒന്നുമില്ല. തന്നെ ജീവനോടെ കത്തിച്ചാലും പറയാനുള്ളത് പറയും. കാന്തപുരം അടക്കം മതപണ്ഡിതന്മാര് ഭരണത്തില്‍ ഇടപെടുന്നു. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. പിണറായി വിജയന് ശേഷം ഈഴവനായ ഒരാള്‍ കേരള മുഖ്യമന്ത്രിയാകാന്‍ സാധ്യതകാണുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
?വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. സാമുദായിക നേതാവ് ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് വെള്ളാപ്പള്ളി പറയുന്നത്. വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത് പിണറായിയുടെ നരേറ്റീവാണെന്നും വി.ഡി.സതീശന് കൊച്ചിയില്‍ പറഞ്ഞു. വെള്ളാപ്പള്ളി പച്ചയ്ക്ക് വര്‍ഗീയത പറയുന്നെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞഅഞു. സമൂഹത്തില്‍ സ്പര്‍ദ്ധ വരും, ഇത് ഉത്തരേന്ത്യ അല്ല. ഇങ്ങനെ പറയാമോ എന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.






