Breaking NewsKeralaLead NewsNEWS

വിവാദപരാമര്‍ശം, സൂംബാ ഡാന്‍സ്… ഒടുവില്‍ മന്ത്രി ചിഞ്ചുറാണി മിഥുന്റെ വീട്ടില്‍; പ്രതികരണം തെറ്റായിരുന്നുവെന്ന് സിപിഐ വിലയിരുത്തല്‍

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ വീട്ടിലെത്തി മന്ത്രി ജെ. ചിഞ്ചുറാണി. വ്യാഴാഴ്ച, മിഥുന്റെ മരണത്തെ മന്ത്രി ലഘൂകരിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാവിലെ പത്ത് മണിയോടെ മന്ത്രി മിഥുന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്. സ്‌കൂളിന്റേയും കെഎസ്ഇബിയുടേയും വീഴ്ച പരിശോധിക്കുമെന്നും കുടുംബത്തിന് വേണ്ട സഹായം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

‘വീട്ടുകാര്‍ വളരെ ദുഃഖാവസ്ഥയിലാണ്. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. നാളെ എത്തും. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയാകുന്നു. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ മുഖ്യമന്ത്രിയുടെ നേത്വത്തില്‍ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യും’- മന്ത്രി പറഞ്ഞു.

Signature-ad

വിദ്യാര്‍ഥി സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തെ ലഘൂകരിച്ച് സംസാരിച്ച മന്ത്രി ചിഞ്ചുറാണിയുടെ നടപടി വിവാദമായിരുന്നു. സ്വന്തം ജില്ലയില്‍ ദാരുണ അപകടം നടന്നിട്ടും മന്ത്രി തൃപ്പൂണിത്തുറയില്‍ പാര്‍ട്ടി പരിപാടിയിലെത്തി വനിതാ നേതാക്കള്‍ക്കൊപ്പം സൂംബാ ഡാന്‍സ് കളിച്ചതും വിവാദമായി. ഇത് വന്‍തോതില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് മന്ത്രി മിഥുന്റെ വീട്ടില്‍ എത്തിയത്.

”വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അധ്യാപകരെ കുറ്റംപറയാന്‍ കഴിയില്ല, സഹപാഠികള്‍ ഷീറ്റിനു മുകളില്‍ കയറരുതെന്ന് പറഞ്ഞിട്ടുപോലും കുട്ടി പിന്തിരിഞ്ഞില്ല. കാലൊന്നു തെന്നിയപ്പോള്‍ പെട്ടെന്ന് കയറിപ്പിടിച്ചത് കറന്റ് കടന്നുവന്ന കമ്പിയിലായിരുന്നു. കുട്ടികള്‍ കളിച്ച് ഷീറ്റിന് മുകളില്‍ കയറുമെന്നോ ഇത്തരം അപകടങ്ങള്‍ സംഭവിക്കുമെന്നോ ആരും കരുതുന്നില്ല. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങിപ്പോയ കുഞ്ഞാണ്. പക്ഷേ, തിരികെ വീട്ടിലേക്ക് മരിച്ചുവരേണ്ട അവസ്ഥ ദൗര്‍ഭാഗ്യകരമാണ്’ – എന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ലായം കൂത്തമ്പലത്തില്‍നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു മന്ത്രിയുടെ പരാമര്‍ശം.

അതേസമയം, മന്ത്രി ജെ. ചിഞ്ചുറാണിയുടെ വിവാദ പരാമര്‍ശത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിശദീകരണം തേടിയിട്ടുണ്ട്. വിദ്യാര്‍ഥിയുടെ മരണത്തില്‍ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം തെറ്റായിരുന്നുവെന്നാണ് സിപിഐയുടെ വിലയിരുത്തല്‍.

Back to top button
error: