ഓര്‍മദിനത്തില്‍ തന്നെ അനാദരം! ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി; പകരം മന്ത്രി റിയാസിന്റെ പേരില്‍ ഫലകം

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം സ്ഥാപിച്ചത് വിവാദത്തില്‍. 2015 മെയ് 15 ന് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത പയ്യാമ്പലത്തെ കുട്ടികളുടെ പാര്‍ക്കിന്റെയും കടലോര നടപ്പാതയുടെയും ശിലാഫലകം മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു. 2022 മാര്‍ച്ച് ആറിന് നവീകരിച്ച പാര്‍ക്കും നടപ്പാതയും മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തുവെന്ന പുതിയ ഫലകമാണ് സ്ഥാപിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ഇന്ന് രണ്ടാം ചര്‍മ വാര്‍ഷികം ആചരിക്കാനിരിക്കെ അനാദരവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു.
‘ഭരണം മാറിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം പൊട്ടിച്ച് മാറ്റിവെച്ച് പുതിയത് സ്ഥാപിച്ചു. ശുദ്ധ തോന്നിവാസമല്ലേ നടക്കുന്നത്’, എന്നാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. സ്ഥലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുകയും പഴയ ശിലാഫലകം പുതിയത് സ്ഥാപിച്ചതിന്റേത് അടുത്തേക്ക് നീക്കിവെക്കുകയും ചെയ്തു. അവിടുന്ന് എടുത്തുമാറ്റരുതെന്ന താക്കീതോടെയാണ് ഫലകം പഴയസ്ഥലത്തേക്ക് വെച്ചത്. എന്നാല്‍, പുതിയ ഫലകം വെയ്ക്കാന്‍ സ്ഥലം ഇല്ലാത്തതിനാലാവാം കരാറുകാര്‍ പഴയത് മാറ്റിയിട്ടുണ്ടാവുകയെന്നാണ് ഡിടിപിസി വിശദീകരണം.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം കോട്ടയത്ത് ആരംഭിച്ചു. ലോകസ്ഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടകന്‍. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന് നിര്‍മ്മിച്ച 12 വീടുകളുടെ താക്കോല്‍ ദാനവും കെ.പി.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഇതിനൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
രാവിലെ 9ന് പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തില്‍ രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തി.
ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയെ സന്ദര്‍ശിക്കും. തുടര്‍ന്ന് ഡല്‍ഹിക്ക് മടങ്ങും.






