രണ്ടു താരങ്ങള്‍ പുറത്ത്; കുല്‍ദീപും അര്‍ഷ് ദീപും ടീമില്‍; ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുന്‍ താരം; ബുംറ കളിക്കുമോ എന്നു കണ്ണുനട്ട് ആരാധകര്‍; ജയം നിര്‍ണായകം

മുംബൈ: ലോര്‍ഡ്സ് ടെസ്റ്റില്‍ 22 റണ്‍സ് തോല്‍വി വഴങ്ങി അഞ്ച് മത്സര പരമ്പരയില്‍ 1-2ന് പിന്നിലായതോടെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേഗിംഗ് ഇലവനില്‍ ആരൊക്കെ കളിക്കുമെന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ആരാധകര്‍. പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കുമോ എന്നതാണ് പ്രധാന ആകാംക്ഷയെങ്കിലും നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെംഗ്സര്‍ക്കാര്‍.
നാലാം ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങണമെന്ന് വെംഗ്സര്‍ക്കാര്‍ റേവ് സ്പോര്‍ട്സിനോട് പറഞ്ഞു. പാര്‍ട് ടൈം ബൗളര്‍മാരെക്കൊണ്ട് ഒരിക്കലും ടെസ്റ്റ് ജയിക്കാനാവില്ലെന്നും വെംഗ്സര്‍ക്കാര്‍ വ്യക്തമാക്കി. നാലാം ടെസ്റ്റില്‍ ഇന്ത്യ കുല്‍ദീപ് യാദവിനെയും അര്‍ഷ്ദീപ് സിംഗിനെയും കളിപ്പിക്കണം. ഇരുവരും ടീമിലെത്തുമ്പോള്‍ ഓള് റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡിയും വാഷിംഗ്ടണ്‍ സുന്ദറുമാകും പുറത്തുപോകുക. പന്ത് ഇരുവശത്തേക്കും മൂവ് ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ അര്‍ഷ്ദീപിനെ കളിപ്പിക്കുന്നത് ഇന്ത്യക്ക് ഗുണകരമാകും. റിവേഴ്സ് സ്വിംഗ് ചെയ്യിക്കാനുള്ള അർഷ്ദീപിന്റെ മികവും നിര്‍ണായകമാകും. നാലാം ടെസ്റ്റില്‍ പേസര്‍മാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും തുടരണം.
ടെസ്റ്റ് ജയിക്കാന്‍ അഞ്ച് സ്പെഷലിസ്റ്റ് ബൗളര്‍മാര്‍ തന്നെ ടീമില്‍ വേണം. പാര്‍ട് ടൈം ബൗളര്‍മാരെക്കൊണ്ട് ഒരിക്കലും 20 വിക്കറ്റെടുത്ത് ടെസ്റ്റ് ജയിക്കാനാവില്ലെന്നും വെംഗ്സര്‍ക്കാര്‍ പറഞ്ഞു. പരമ്പരയിലിതുവരെ രണ്ട് ടെസ്റ്റുകളില്‍ കളിച്ച നിതീഷ് കുമാര്‍ റെഡ്ഡി ആക 45 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റും വീഴ്ത്തി. അതേസമയം, കുല്‍ദീപിനിതുവരെ പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. അഞ്ച് ബൗളര്‍മാരെ ടീമിലെടുത്താലും ബാറ്റിംഗ് നിര അവരുടെ ഉത്തരവാദിത്തം നിറവേറ്റേണ്ടിവരുമെന്നും വെംഗ്സര്‍ക്കാര്‍ പറഞ്ഞു.
നിര്‍ണായകമാകുന്നത് ബുമ്രയുടെ കായികക്ഷമത തന്നെയാണ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ മൂന്നില്‍ മാത്രമെ ബുമ്രയുടെ സാന്നിധ്യമുണ്ടാകുകയുള്ളെന്ന് ഇതിനോടം തന്നെ വ്യക്തമായതാണ്. ഇനി അവശേഷിക്കുന്ന രണ്ടില്‍ ഒന്നില്‍ മാത്രവും. ലോര്‍ഡ്സ് ടെസ്റ്റില്‍ നിന്ന് മാഞ്ചസ്റ്ററില്‍ ടോസ് വീഴുന്ന നിമിഷം വരെ എട്ട് ദിവസത്തെ ഇടവേളയാണുള്ളത്. ബുമ്ര കളിച്ച ഒന്നാമത്തേതും മൂന്നാമത്തേയും ടെസ്റ്റുകള്‍ തമ്മിലെ ഇടവേള ഏഴ് ദിവസമായിരുന്നു.
ജോലിഭാരം മുൻനിര്‍ത്തുമ്പോള്‍ താരത്തിന് മതിയായ വിശ്രമം ഉറപ്പാക്കാൻ സാധിക്കും. ലോര്‍ഡ്സില്‍ ഇന്ത്യ വിജയിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ മാഞ്ചസ്റ്ററില്‍ ബുമ്രയിലേക്ക് ഈ ചോദ്യം എത്തുകയില്ലായിരുന്നു. അത് തന്നെയാണ് ബാറ്റിങ് പരിശീലകനായ റയാൻ ടെൻ ഡോഷേറ്റ് പറയുന്നതും. ബുംറയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക മാഞ്ചസ്റ്ററിലായിരിക്കും, പരമ്പര നിര്‍ണായകമായ സാഹചര്യത്തിലായതുകൊണ്ട് ബുമ്രയെ കളിപ്പിക്കുന്നതിനായിരിക്കും കൂടുതല്‍ താല്പ്പര്യപ്പെടുക. ഇതായിരുന്നു റയാന്റെ മറുപടി.
ഈ സാഹചര്യത്തില്‍ ബുമ്ര മാഞ്ചസ്റ്ററില്‍ ഡ്യൂക്ക്സ് ബോള്‍ എടുക്കുമെന്ന് തന്നെ ഉറപ്പിക്കാനാകും. ഇതിന് മറ്റ് ചില കാരണങ്ങള്‍ക്കൂടിയുണ്ട്. മുഹമ്മദ് സിറാജിന്റെ ജോലിഭാരം. പരമ്പരയില്‍ ഏറ്റവുമധികം ഓവറുകളെറിഞ്ഞ ഇന്ത്യൻ താരം സിറാജാണ്. 109 ഓവറുകള്‍, 13 വിക്കറ്റുകളും നേടി. പരമ്പരയില്‍ സിറാജിനേക്കാള്‍ പന്തെറിഞ്ഞിട്ടുള്ളത് ഇംഗ്ലണ്ടിന്റെ ക്രിസ് വോക്ക്സ്, ബ്രൈഡൻ കാഴ്സ്, ഷോയിബ് ബഷീര്‍ എന്നിവര്‍ മാത്രമാണ്. ബുമ്രയില്ലാത്ത പക്ഷം സിറാജിന്റെ ജോലിഭാരം ഇനിയും വര്‍ധിക്കും.
എന്തെങ്കിലുമൊരു പരുക്ക് ഇനിയാര്‍ക്കെങ്കിലും സംഭവിച്ചാല്‍ ഇന്ത്യക്ക് തിരിച്ചടിയാകും. അര്‍ഷദീപ് സിങ്ങിന് കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരുക്കേറ്റിരുന്നു. സായ് സുദര്‍ശനെതിരെ പന്തെറിയുമ്പോഴായിരുന്നു സംഭവം. ഫോളോ ത്രൂവില്‍ പന്ത് തടയുന്നതിനിടെ കൈ മുറിയുകയായിരുന്നു. പ്രസിദ്ധ് കൃഷ്ണ ലഭിച്ച അവസരങ്ങളിലൊന്നും താളം കണ്ടെത്താത്ത പശ്ചാത്തലത്തില്‍ കരുതലോടെയായിരിക്കും ഇന്ത്യയുടെ തീരുമാനങ്ങളും തുടര്മത്സരങ്ങളിലുണ്ടാകുക.
പരമ്പരയിലെ ഏറ്റവും മികച്ച പേസ് ത്രയവും ഇന്ത്യയുടേതാണ്. സിറാജ്-ബുമ്ര-ആകാശ് ദീപ് സഖ്യം ഇതിനോടകം 36 വിക്കറ്റുകള്‍ നേടി. മൂന്ന് പേരും കളിച്ച ഏക മത്സരം ലോര്‍ഡ്സിലായിരുന്നു. പരമ്പരയില്‍ ഇംഗ്ലണ്ട് ഏറ്റവും കുറഞ്ഞ സ്കോറുകളില്‍ രണ്ട് ഇന്നിങ്സിലും പുറത്തായതും ലോര്‍ഡ്സിലാണ്. അതിനാല്‍, ഈ മൊമന്റം നിലനിര്‍ത്തുക എന്നത് മാഞ്ചസ്റ്ററില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. പരമ്പര കൈവിടാതെ നില്ക്കണമെങ്കില് മൂവരും ലോര്‍ഡ്സിലെ മികവ് മാഞ്ചസ്റ്ററില്‍ ആവര്‍ത്തിക്കുകയും വേണം.
ടെസ്റ്റ് കരിയറില്‍ ഇതുവരെ മാഞ്ചസ്റ്ററില്‍ പന്തെറിഞ്ഞിട്ടില്ല മുതിര്‍ന്ന താരങ്ങളായ ബുമ്രയും സിറാജും. ഇതുവരെ മാഞ്ചസ്റ്ററില്‍ ഒരുജയം പോലും നേടാനും ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ഒൻപത് മത്സരങ്ങളില്‍ നാല് ജയമാണ് ഇംഗ്ലണ്ടിനുള്ളത്. അഞ്ചെണ്ണം സമനിലയിലും കലാശിച്ചു. 2014ലാണ് ഇരുടീമുകളും അവസാനമായി ടെസ്റ്റില്‍ മാഞ്ചസ്റ്ററില്‍ ഏറ്റുമുട്ടിയത്. അന്ന് ഇന്നിങ്സിനും 54 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.






