നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; സ്ഥിരീകരിച്ച് ആക്ഷന്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു. നാളെ (ബുധനാഴ്ച)യാണ് ശിക്ഷ നടപ്പാക്കാനിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുമതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ സൂഫി പണ്ഡിതന്മാര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്.
നേരത്തെ, ദിയാധനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലില്‍ അവര്‍ വഴങ്ങുകയായിരുന്നു. ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നല്‍കാന്‍ തലാലിന്റെ കുടുംബം തയ്യാറാണെന്നാണ് സൂചന. ഈ തീരുമാനം സനാ കോടതിയെ അറിയിക്കും. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളാണ് വധശിക്ഷ നീട്ടിവെച്ച കാര്യം അറിയിച്ചത്.
തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണ്. യെമെനുമായി ഇന്ത്യക്ക് നയതന്ത്രബന്ധമോ അവിടെ ഇന്ത്യന്‍ എംബസിയോ ഇല്ല. യെമെനില്‍ ആഭ്യന്തരപ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് 2016 മുതല്‍ ഇന്ത്യയില്‍നിന്ന് അവിടേക്ക് യാത്രാവിലക്കുമുണ്ട്. ഈ സാഹചര്യത്തില്‍ നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വലിയ വെല്ലുവിളി നേരിട്ടിരുന്നു.






