‘തലാലിന്റെ കുടുംബക്കാര്‍ സമ്മതിക്കാതെ വധശിക്ഷ ഇളവുചെയ്യാന്‍ കഴിയില്ല; ദയാധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം’

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനുള്ള ഇടപെടല്‍ പുരോഗമിക്കുകയാണെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. കോഴിക്കോട് മര്‍ക്കസിലെ ഐടിഐ ഉദ്ഘാടനച്ചടങ്ങില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ച് ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമമാണ് യെമനിലെ പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; സ്ഥിരീകരിച്ച് ആക്ഷന്‍ കൗണ്‍സില്‍
തലാലിന്റെ കുടുംബക്കാര്‍ സമ്മതിക്കാതെ വധശിക്ഷ ഇളവു ചെയ്യാന്‍ യെമനിലെ കോടതിക്ക് അനുവാദമില്ലെന്ന് കാന്തപുരം പറഞ്ഞു. ”വീട്ടുകാര്‍ മുഴുവനും സമ്മതിക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഇസ്ലാം വര്‍ഗീയവാദത്തിന്റെ മതമല്ലെന്നു ലോകത്തെ പഠിപ്പിക്കലും ജനങ്ങള്‍ക്കു നന്മ ചെയ്യാന്‍ ശ്രമിക്കലും നമ്മുടെ കര്‍ത്തവ്യമാണ് എന്ന നിലയ്ക്കാണ് വിഷയത്തില്‍ ഇടപെട്ടത്” കാന്തപുരം വ്യക്തമാക്കി.
ചൊവ്വ രാവിലെ യെമന്‍ സമയം പത്തുമണിക്കാണ് (ഇന്ത്യന്‍ സമയം 12.30) തലാലിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച പുനരാരംഭിച്ചത്. അതില്‍ പങ്കെടുക്കാന്‍ യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നിര്‍ദേശപ്രകാരം യെമന്‍ ശൂറാ കൗണ്‍സിലിലെ അംഗം തലാലിന്റെ നാടായ ദമാറില്‍ എത്തിയതായാണ് വിവരം.






