
പത്തനംതിട്ട: മറ്റൊരാളുമായുള്ള ലൈംഗികബന്ധം അച്ഛനോട് പറയുമെന്ന് പറഞ്ഞ മകനെ മര്‍ദിച്ച കേസില്‍ അമ്മയ്ക്കും അവരുടെ കാമുകനും കഠിനതടവ്. ഇരുവര്‍ക്കും മൂന്നുമാസം വീതമുള്ള കഠിനതടവും പിഴശിക്ഷയുമാണ് പത്തനംതിട്ട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ടി. മഞ്ജിത്ത് വിധിച്ചത്. 45-കാരിയും 36-കാരനുമാണ് പ്രതികള്‍. ഇതില്‍ ഒന്നാംപ്രതിയായ അമ്മ 5000 രൂപയും രണ്ടാം പ്രതിയായ കാമുകന്‍ 1000 രൂപയുമാണ് പിഴയടയ്‌ക്കേണ്ടത്. ഇല്ലെങ്കില്‍ യഥാക്രമം അഞ്ചുദിവസവും ഒരുദിവസവും വീതം അധിക കഠിനതടവ് അനുഭവിക്കണം.
2023 ഏപ്രില്‍ ആറിനും ഒന്‍പതിനുമിടയില്‍ പല രാത്രികളില്‍ അമ്മയുടെ വീട്ടില്‍ ഇവര്‍ ആണ്‍സുഹൃത്തുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് 11 വയസ്സുള്ള കുട്ടി കണ്ടു. വിവരങ്ങളെല്ലാം അച്ഛനോട് പറയുമെന്നും മകന്‍ പറഞ്ഞു. ദേഷ്യംവന്ന അമ്മയുടെ കാമുകന്‍ കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. ഇറങ്ങിഓടിയ കുട്ടിയെ വീട്ടുമുറ്റത്തുകിടന്ന കമ്പെടുത്ത് പുറത്തടിക്കുകയും ചെയ്തു. അച്ഛനോട് പറഞ്ഞാല്‍ ഫാനില്‍ കെട്ടിത്തൂക്കുമെന്നായിരുന്നു അമ്മ മകനെ ഭീഷണിപ്പെടുത്തിയത്. കൂടാതെ, ദേഹോപദ്രവത്തിന് അവസരമുണ്ടാക്കുകയും ചെയ്തു.
പരാതികിട്ടിയ പെരുമ്പെട്ടി പോലീസ് മര്‍ദനത്തിനും ഭീഷണിപ്പെടുത്തിയതിനും പോക്‌സോ നിയമത്തിലെയും ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അന്നത്തെ എസ്‌ഐ: ടി. സുമേഷ് പ്രതികളെ അറസ്റ്റുചെയ്തു. പിന്നീട് എസ്‌ഐ ആയി വന്ന ജിജിന്‍ സി.ചാക്കോ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി.






