CrimeNEWS

രാജപുരം കള്ളത്തോക്ക് കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍; നിര്‍മാണവും ഉപയോഗവും വ്യാപകം, മലയോരത്തെ നായാട്ടുസംഘങ്ങള്‍ പ്രധാന കസ്റ്റമേഴ്‌സ്

കാസര്‍ഗോഡ്: രാജപുരത്തെ കള്ളത്തോക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. രാജപുരം പാലംകല്ലിലെ സന്തോഷ് വിജയന്‍ (36), പരപ്പ മുണ്ടത്തടത്തെ താഴത്ത് പി.ജെ. ഷാജി എന്നിവരാണ് പിടിയിലായത്. രണ്ടുപേരും മലയോരത്തെ പ്രധാന നായാട്ട് സംഘാംഗങ്ങളാണ്.

കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഇരുവരെയും വെള്ളിയാഴ്ച രാവിലെ ആറോടെ കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പരപ്പയില്‍നിന്നുമാണ് രാജപുരം ഇന്‍സ്‌പെക്ടര്‍ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പിടിയിലായ മൂന്നംഗസംഘത്തെ കൂടാതെ, തോക്ക് നിര്‍മിക്കാന്‍ ഏല്‍പ്പിച്ച ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

Signature-ad

കേസിലെ പ്രധാന പ്രതി ആലക്കോട് അരങ്ങം കാര്‍ത്തികപുരം സ്വദേശി എം.കെ. അജിത്കുമാറിനെ (55) കഴിഞ്ഞദിവസം കോട്ടക്കുന്ന് കൈക്കളന്‍കല്ലിലെ വാടകവീട്ടില്‍നിന്നും നിര്‍മാണം പൂര്‍ത്തിയായ രണ്ട് കള്ളത്തോക്കുകളും നിര്‍മാണം അവസാനഘട്ടത്തിലുള്ള ഒരു തോക്കും സാധനസാമഗ്രികളുമടക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വീട് വാടകയ്‌ക്കെടുത്ത് നല്‍കിയതും ആവശ്യമായ സഹായങ്ങള്‍ ചെയ്തതും രണ്ടാം പ്രതി സന്തോഷായിരുന്നു. അയാള്‍ക്കും മൂന്നാം പ്രതി പി.ജെ. ഷാജിക്കും വേണ്ടിയായിരുന്നു രണ്ട് തോക്കുകള്‍. നിര്‍മാണം അവസാനഘട്ടത്തിലായിരുന്ന തോക്കാകട്ടെ, ഇനി പിടികൂടാനുള്ള ആള്‍ക്ക് വേണ്ടിയുള്ളതുമായിരുന്നു. അതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലായത്.

കോടതി റിമാന്‍ഡ് ചെയ്ത കേസിലെ ഒന്നാം പ്രതി അജിത്കുമാറിനെ വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ശനിയാഴ്ച, തോക്ക് നിര്‍മാണത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ വാങ്ങിയ സ്ഥലങ്ങളില്‍ ഇയാളെ എത്തിച്ച് തെളിവെടുക്കും. കേസുമായി ബന്ധപ്പെട്ട് ബേക്കല്‍ ഡിവൈഎസ്പി വി.വി. മനോജ് കുമാര്‍ വെള്ളിയാഴ്ച ഉച്ചയോടെ രാജപുരം സ്റ്റേഷനില്‍ നേരിട്ടെത്തി പ്രതികളില്‍നിന്ന് വിവരങ്ങള്‍ തേടിയിരുന്നു.

കള്ളത്തോക്ക് നിര്‍മാണം: ആലക്കോട് സ്വദേശി രാജപുരത്ത് അറസ്റ്റില്‍, കൊല്ലപ്പണിയിലും ആശാരിപ്പണിയിലും വിദഗ്ധന്‍

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജപുരം പോലീസും പ്രത്യേക സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രധാന പ്രതിയെ പിടികൂടിയതും കള്ളത്തോക്കുകളടക്കം കസ്റ്റഡിയില്‍ എടുക്കാനും കഴിഞ്ഞത്.

പ്രതിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ ആളുകള്‍ കേസില്‍ ഉള്‍പ്പെട്ടതായി പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ രണ്ട് പ്രതികളെ പോലീസ് പിടികൂടിയത്. തോക്ക് നിര്‍മാണത്തിനായി എല്‍പ്പിച്ച മൂന്നാമന് വേണ്ടിയുള്ള തിരച്ചിലും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

ജില്ലയിലെ മലയോരമേഖല കേന്ദ്രീകരിച്ച് കള്ളത്തോക്ക് നിര്‍മാണവും ഉപയോഗവും വ്യാപകമെന്ന് സൂചന. രണ്ടുവര്‍ഷത്തിനിടെ പനത്തടി ഫോറസ്റ്റ് സെക്ഷന്‍ അധികൃതര്‍ മാത്രം പിടികൂടിയത് 11 കള്ളത്തോക്കുകളാണ്. പാണത്തൂര്‍, പാറക്കടവ്, കുണ്ടുപ്പള്ളി, കൊട്ടോടി മഞ്ഞങ്ങാനം, ഓട്ടമല വണ്ണാര്‍ക്കയം, പാണത്തൂര്‍ പ്ലാന്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നായാട്ടിനെത്തിയ സംഘങ്ങളില്‍നിന്നുമാണ് പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.സേസപ്പയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ കള്ളത്തോക്കുകള്‍ പിടികൂടിയത്. അതുമായി ബന്ധപ്പെട്ട് ഒന്‍പത് കേസുകളിയായി 36 പ്രതികളെയും കസ്റ്റഡിയിലെടുത്തു.

നായാട്ട് സംഘങ്ങളില്‍നിന്ന് 10 വാഹനങ്ങള്‍, 18 തിരകള്‍, 11 ടോര്‍ച്ചുകള്‍ എന്നിവയും പിടികൂടിയിരുന്നു. നിലവില്‍ വനംവകുപ്പ് അധികൃതരും പോലീസും പിടികൂടിയ കള്ളത്തോക്കുകളുടെ എണ്ണത്തിന്റെ എത്രയോ ഇരട്ടി തോക്കുകള്‍ ഇനിയും മലയോരകേന്ദ്രങ്ങളില്‍ രഹസ്യമായി സൂക്ഷിക്കുന്നുണ്ടെന്നാണ് വിവരം.

കള്ളത്തോക്ക് നിര്‍മാണത്തിന് പിന്നില്‍ പ്രധാനമായും നായാട്ട് സംഘങ്ങളാണെന്നാണ് പോലീസും വനംവകുപ്പ് അധികൃതരും കരുതുന്നത്. ജില്ലയിലെ മലയോരമേഖലകളും വനാതിര്‍ത്തി സ്ഥലങ്ങളും കേന്ദ്രീകരിച്ച് കാലങ്ങളായി നായാട്ട് സംഘങ്ങള്‍ സജീവമാണ്. കാട്ടുപന്നിയുടെയും മറ്റും ശല്യം രൂക്ഷമായതിനാല്‍ നായാട്ട് വിവരമറിഞ്ഞാലും കര്‍ഷകരോ നാട്ടുകാരോ പുറത്തുപറയാനും തയ്യാറാകില്ല. കാട്ടുപോത്ത്, കലമാന്‍ പോലുള്ളവയെ നായാട്ട് നടത്തുന്ന സംഘങ്ങളും മലയോരത്തുണ്ടെന്നാണ് അറിയുന്നത്.

 

 

Back to top button
error: