അനുവാദമില്ലാതെ പുറത്തു പോകും, രാത്രി മുഴുവന്‍ കറക്കം; യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് അമ്മായിയച്ഛനും അമ്മായിയമ്മയും, ചാക്കില്‍ കെട്ടി വഴിയില്‍ തള്ളി

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയില്‍ മുപ്പത്തിയൊന്നുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചു. സംഭവത്തില്‍ ഭര്‍തൃ മാതാപിതാക്കള്‍ അറസ്റ്റില്‍. ബുധനാഴ്ചയാണ് ലഖ്‌നൗ സ്വദേശിനിയായ രേഷ്മ എന്ന യുവതി കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടു പുരുഷന്മാര്‍ ലുധിയാനയിലെ ആരതി ചൗക്കിനു സമീപം വലിയ ചാക്കുകെട്ട് ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രേഷ്മയുടെ ഭര്‍ത്താവിന്റെ പിതാവ് കൃഷന്‍, മാതാവ് ദുലാരി, ഇവരുടെ ബന്ധു അജയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
രേഷ്മ രാത്രി അനുവാദം വാങ്ങാതെ പുറത്തുപോകുന്നതും വൈകിയെത്തുന്നതും കൃഷനും ദുലാരിക്കും ഇഷ്ടമായിരുന്നില്ല. ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനു പിന്നാലെയാണ് ഇരുവരും ചേര്‍ന്ന് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ശേഷം ബന്ധുവായ അജയ്യുടെ സഹായത്തോടെ മൃതദേഹം ആരതി ചൗക്കില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.
നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ചാക്കിനുള്ളില്‍ അഴുകിയ മാങ്ങയാണെന്നാണ് പ്രതികള്‍ പറഞ്ഞത്. വീണ്ടും ചോദിച്ചപ്പോള്‍ ചത്ത നായയെ ചാക്കില്‍ക്കെട്ടി കളയാന്‍ കൊണ്ടുവന്നതാണെന്നും പറഞ്ഞു. പിന്നീട് മോട്ടര്‍ സൈക്കിള്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നു കളയുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി ചാക്ക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. മൂക്കില്‍നിന്ന് ചോരയൊലിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് മോട്ടര്‍ സൈക്കിളിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് പൊലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു.






