പണിമുടക്ക് പുരോഗമിക്കുന്നു: അധ്യാപകരുടെ കാറുകളുടെ കാറ്റഴിച്ചുവിട്ടു, മറ്റൊരിടത്ത് അധ്യാപികയെ പൂട്ടിയിട്ടു; സ്‌കൂളുകളിലും സംഘര്‍ഷം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂര്‍ പൊതുപണിമുടക്ക് പുരോഗമിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ അടക്കം 25 കോടിയിലേറെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേരുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ പണിമുടക്ക് ഏറെക്കുറെ പൂര്‍ണമാണ്.
കണ്ണൂര്‍ ശ്രീകണ്ഠപുരം നഗരസഭയിലെ നെടുങ്ങോം ജിഎച്ച്എസ്എസില്‍ പണിമുടക്കുമായി ബന്ധപ്പെട്ട് സംഘര്‍ഷം. ജോലിക്കെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ ടയറിന്റെ കാറ്റ് സമരാനുകൂലികള്‍ അഴിച്ചുവിട്ടു. കെപിഎസ്ടിഎ, എച്ച്എസ്എസ്ടിഎ യൂണിയനുകളില്‍പ്പെട്ട 15 അധ്യാപകരാണ് ഹാജരായത്. പുറത്തു നിന്നെത്തിയ സമരാനുകൂലികള്‍ സ്‌കൂളില്‍ കയറി ബഹളമുണ്ടാക്കി. ഇതിനിടെയാണ് കാറുള്‍പ്പെടെ 7 വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. അധ്യാപകര്‍ സ്‌കൂളില്‍ തന്നെ തുടരുകയാണ്. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ക്ലാസ് നടക്കുന്നില്ല.
വെള്ളരിക്കുണ്ട് പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയെ സമരാനുകൂലികള്‍ പൂട്ടിയിട്ടു. രാവിലെ പത്തു മണിയോടെ സംഘടിച്ചെത്തിയ ഇടതു നേതാക്കളാണ് അധ്യാപിക സിജിയെ ഓഫീസില്‍ പൂട്ടിയിട്ടത്. പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന അധ്യാപിക പ്രഭാവതിയുമായി സമരാനുകൂലികള്‍ വാക്കേറ്റം നടത്തി. പൊലീസ് എത്തിയാണ് വാതില്‍ തുറന്നത്. പൊലീസില്‍ പരാതി നല്‍കുമെന്ന് അധ്യാപിക പറഞ്ഞു.
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കടകളും പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നവര്‍ക്ക് പൊലീസ് ഗതാഗത സൗകര്യമൊരുക്കുന്നുണ്ട്. ആര്‍സിസിലേക്ക് ഉള്‍പ്പെടെയാണ് സര്‍വീസ്. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനാല്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ സര്‍വീസുകള്‍ നടത്തുന്നില്ലെന്നാണ് യാത്രക്കാരോട് പറയുന്നത്. എത്തുന്നവരെ സര്‍വീസ് ഇല്ലെന്നു പറഞ്ഞ് മടക്കി അയയ്ക്കുകയാണ്. കൊച്ചിയിലും തൃശൂരും സര്‍വീസ് നടത്താനൊരുങ്ങിയ കെഎസ്ആര്‍ടിസി ബസുകള്‍ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. പൊലീസ് സംരക്ഷണത്തോടെ മാത്രമേ സര്‍വീസ് നടത്താവൂ എന്നാണ് ഡിപ്പോകള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.






