Breaking NewsCrimeLead NewsNEWS

തട്ടിപ്പു നടത്തി യുഎസിലേക്കു കടന്നു; 26 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍; മോണിക്കയെ ഇന്ന് ഇന്ത്യയിലെത്തിക്കും

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോണിക്ക കപൂറിനെ യുഎസില്‍ കസ്റ്റഡിയിലെടുത്ത് സിബിഐ. കേസില്‍ പ്രതിയായി 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോണിക്കയെ പിടികൂടുന്നത്. ഇവരെ ബുധനാഴ്ച രാത്രി ഇന്ത്യയിലെത്തിക്കും. മോണിക്കയുമായി സിബിഐ സംഘം അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ പുറപ്പെട്ടു. തട്ടിപ്പ് കേസില്‍ പ്രതിയായതിനു പിന്നാലെ 1999 ലാണ് മോണിക്ക, യുഎസിലേക്ക് കടന്നത്.

ഇന്ത്യ- യുഎസ് ഉഭയകക്ഷി ഉടമ്പടി പ്രകാരം ന്യൂയോര്‍ക്കിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിസ്ട്രിക്റ്റ് കോടതിയാണ് മോണിക്കയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവ് പുറപ്പടുവിച്ചത്. ഇന്ത്യയിലെത്തിയാല്‍ കൊടുംമര്‍ദനത്തിന് ഇരയാകുമെന്നും തന്നെ കൈമാറുന്നത് ഫറ നിയമങ്ങളുടെ ലംഘനമാകുമെന്നും ചൂണ്ടിക്കാണിച്ച് മോണിക്ക നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്.

Signature-ad

ആഭരണ ബിസിനസുമായി ബന്ധപ്പെട്ട വ്യാജ രേഖകള്‍ ചമച്ച് സഹോദരന്മാരായ രാജന്‍ ഖന്ന, രാജീവ് ഖന്ന എന്നിവരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നാണ് കപൂറിനെതിരെയുള്ള കേസ്. അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ഡ്യൂട്ടി ഫ്രീ ലൈസന്‍സുകള്‍ നിയമവിരുദ്ധമായി നേടിയെടുക്കാന്‍ ഈ വ്യാജ രേഖകള്‍ ഉപയോഗിച്ചതായും ഇത് ഇന്ത്യന്‍ ഖജനാവിന് 6,79,000 ഡോളറിലധികം നഷ്ടമുണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യ-യുഎസ് കൈമാറ്റ ഉടമ്പടി പ്രകാരം 2010 ഒക്ടോബറില്‍ മോണിക്ക കപൂറിനെ കൈമാറണമെന്ന് ഇന്ത്യ ഔദ്യോഗികമായി അഭ്യര്‍ഥിച്ചിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് മോണിക്കയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. മോണിക്കയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും വിചാരണ നടപടികള്‍ ആരംഭിക്കുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

Back to top button
error: