
എറണാകുളം: കുറുമശ്ശേരിയില്‍ 46കാരന്‍ ആത്മഹത്യ ചെയ്തത് കേരള ബാങ്കിന്റെ ജപ്തി ഭീഷണിമൂലമാണെന്ന് കുടുംബം. പഴൂര്‍ വീട്ടില്‍ മധു മോഹന്‍ ആണ് ഇന്നലെ പുലര്‍ച്ചെ ജീവനൊടുക്കിയത്. കേരള ബാങ്കിന്റെ കുറുമശ്ശേരി ബ്രാഞ്ചില്‍ നിന്ന് വീട് നിര്‍മാണത്തിനായി 21 ലക്ഷം രൂപ വായ്പ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ ജപ്തി ചെയ്യാന്‍ ഇരിക്കുകയായിരുന്നു.
വീട് വിറ്റ് വായ്പ തിരിച്ചടയ്ക്കാന്‍ മുപ്പതാം തീയതി വരെ സമയം ചോദിച്ചിട്ടും ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നുവെന്ന് മധു മോഹനന്റെ സഹോദരന്‍ ആരോപിക്കുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നും ചെങ്ങമനാട് പൊലീസ് അറിയിച്ചു. എന്നാല്‍ മധു മോഹന് കുടുംബ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മധു മോഹനന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്.






