KeralaNEWS

സ്വകാര്യ വാഹനം ഓടിക്കാത്തതിന് പ്യൂണിന് ജഡ്ജിയുടെ നില്‍പ്പ് ശിക്ഷ; റദ്ദാക്കി ഹൈക്കോടതി രജിസ്ട്രാര്‍

തിരുവനന്തപുരം : ജഡ്ജിയുടെ സ്വകാര്യ വാഹനം ഓടിക്കാന്‍ വിസമ്മതിച്ച കോടതി പ്യൂണിന് കോടതി നടപടികള്‍ അവസാനിക്കും വരെ നില്‍പ്പ് ശിക്ഷ. നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കോടതി ജീവനക്കാരുടെ സംഘടന നല്‍കിയ പരാതിയില്‍ പ്യൂണിന്റെ നില്‍പ്പ് ശിക്ഷ ഹൈക്കോടതി രജിസ്ട്രാര്‍ ഒഴിവാക്കി.

ജൂണ്‍ 30ന് ചുമതലയേറ്റ ബാലരാമപുരം സ്വദേശി രാമകൃഷ്ണനോടാണ് തന്റെ സ്വകാര്യ കാര്‍ കോടതിയില്‍ ഓടിച്ചു കൊണ്ടുവരാന്‍ ജഡ്ജി നിര്‍ദ്ദേശിച്ചെന്നാണ് ആരോപണം. ഡ്രൈവിംഗ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും മുന്‍പ് അപകടം നടന്നതിനാല്‍ കാര്‍ ഓടിക്കാന്‍ ഭയമുണ്ടെന്നും രാമകൃഷ്ണന്‍ ജഡ്ജിയെ അറിയിച്ചു. തുടര്‍ന്ന് രാവിലെ 8.30ന് വീട്ടിലെത്തി ബ്രീഫ്കേയ്‌സ് കോടതിയില്‍ എത്തിക്കാനായി നിര്‍ദ്ദേശിച്ചെന്നും പരാതിയില്‍ പറയുന്നു. ക്യാന്‍സര്‍ രോഗിയായ അമ്മയ്ക്ക് മറ്റാരും സഹായത്തിനില്ലെന്നും ജഡ്ജിയുടെ വീട്ടില്‍ എന്നും ചെന്നാല്‍ പ്രതിദിനം 250 രൂപ അധികം കയ്യില്‍ നിന്ന് ചെലവാകുമെന്നും രാമകൃഷ്ണന്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് എല്ലാ ദിവസവും കോടതി നടപടികള്‍ അവസാനിക്കുന്നതുവരെ കോടതിയുടെ കോണില്‍ നില്‍ക്കണമെന്ന് ജഡ്ജി നിര്‍ദ്ദേശിച്ചെന്നാണ് ആക്ഷേപം. ഇതിനെതിരെയാണ് കോടതി ജീവനക്കാരുടെ സംഘടന ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി പരിഹാരം കണ്ടത്.

Signature-ad

1983ലെ ഹൈക്കോടതി സര്‍ക്കുലര്‍ പ്രകാരം ജുഡിഷ്യല്‍ ഓഫീസര്‍മാരുടെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ചേംബറില്‍ എത്തിക്കുന്നത് പ്യൂണിന്റെ ജോലിയുടെ ഭാഗമാണ്. ഈ സര്‍ക്കുലറിന്റെ ചുവട് പിടിച്ചാണ് ചില ഓഫീസര്‍മാര്‍ വീട്ട് ജോലി ചെയ്യിക്കുന്നതെന്നാണ് ജീവനക്കാരുടെ പരാതി. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് കോടതി ജീവനക്കാരുടെ ആവശ്യം. ജഡ്ജിമാര്‍ക്ക് വീട്ട് വാടക അലവന്‍സിന് പുറമെ സ്വകാര്യ ഡ്രൈവറെ അടക്കം നിയമിക്കുന്നതിന് അലവന്‍സ് ഉണ്ട്.

 

Back to top button
error: