
കൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ കണ്ട് ഹൈക്കോടതി. രാവിലെ പത്തിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.നഗരേഷ് കൊച്ചി പടമുകളിലെ സ്റ്റുഡിയോയിൽ എത്തിയാണ് സിനിമ കണ്ടത്. കേസ് ബുധനാഴ്ച കോടതി പരിഗണിക്കും. അതിനിടെ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി ബാലിശമാണെന്ന് ആർഎസ്എസ് വിമർശിച്ചു.
ചിത്രത്തിന്‍റെയും കഥാപാത്രത്തിന്‍റെയും ജാനകിയെന്ന പേര് മാറ്റാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന സെൻസർ ബോർഡ് തീരുമാനത്തിനെതിരെ ചിത്രത്തിന്‍റെ നിർമാതാക്കള്‍ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സിനിമ കാണാൻ കോടതി തീരുമാനിച്ചത്. ജസ്റ്റിസ് നഗരേഷും കോടതി ജീവനക്കാരായ മൂന്ന് പേരും, അഡ്വ. ആനന്ദ് മേനോൻ, മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് പ്രതിനിധികളായ അൽക്കാ വാര്യർ, എസ്.ബിജു എന്നിവരാണ് സിനിമ കണ്ടത്.

ജൂൺ 27ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ സെൻസർ ബോർഡ് നടപടിയിൽ അനിശ്ചിതമായി നീളുന്നതിലെ ആശങ്ക ഹർജിക്കാർ നേരത്തെ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഹർജി ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. ജാനകിയെന്ന പേരിനെ ചൊല്ലി സെൻസർ ബോർഡ് സ്വീകരിച്ച നടപടി ബാലിശമാണെന്ന് ചൂണ്ടിക്കാണിച്ച ആർഎസ്എസ് സിനിമയ്ക്ക് പ്രദർശനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു.