CrimeNEWS

ഒന്നല്ല മുഹമ്മദലി നടത്തിയത് രണ്ട് കൊലപാതകങ്ങള്‍; 17-ാം വയസ്സില്‍ മറ്റൊരാളെ കൂടി കൊലപ്പെടുത്തിയതായി മൊഴി; മരിച്ചത് ആരെന്ന് അറിയില്ല, കൊലപാതകത്തിന് സഹായിച്ചയാളെ പിന്നീട് കണ്ടിട്ടില്ല

കോഴിക്കോട്: 39 വര്‍ഷം മമ്പ് നടത്തിയ കൊലപാതകത്തെ കുറിച്ച് തുറന്നു പറഞ്ഞ മുഹമ്മദലി മറ്റൊരാളെയും കൊലപ്പെടുത്തിയിരുന്നതായി പോലിസിന് മൊഴി നല്‍കി. 1986ല്‍ നടത്തിയ ആദ്യ കൊലപാതകത്തിന് ശേഷം 1989 ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍വച്ചും ഒരാളെ കൊന്നുവെന്നാണു മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍.

ഈ വെളിപ്പെടുത്തലുമായി സാമ്യമുള്ള കേസ് 1989 സെപ്റ്റംബര്‍ 24നു നടക്കാവ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും കണ്ടെത്തി. കടപ്പുറത്ത് യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയ വാര്‍ത്ത പിറ്റേന്ന് മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാല്‍ രണ്ട് കേസുകളിലും മരിച്ചത് ആരെന്ന് വ്യക്തമല്ല. അജ്ഞാത ജഡമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് കേസില്‍ അന്വേഷണം തുടങ്ങി.

Signature-ad

രണ്ടാമത്തെ കൊലപാതകത്തെക്കുറിച്ച് മുഹമ്മദലി പറയുന്നതിങ്ങനെ: ‘കൂടരഞ്ഞിയിലെ സംഭവത്തിനുശേഷം കോഴിക്കോട്ടുവന്ന് ഹോട്ടലിലും മറ്റും ജോലി ചെയ്തു ജീവിച്ചിരുന്ന കാലത്ത് (അന്ന് ആന്റണി എന്നായിരുന്നു പേര്) ഒരാള്‍ പണം തട്ടിപ്പറിച്ചു. അയാള്‍ വെള്ളയില്‍ ബീച്ച് പരിസരത്തുള്ളതായി കുറച്ചു ദിവസങ്ങള്‍ക്കുശേഷം സുഹൃത്ത് കഞ്ചാവ് ബാബു പറഞ്ഞു.

തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണ്! 39 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍

ഞങ്ങള്‍ രണ്ടുപേരും അങ്ങോട്ടു ചെന്ന് ഇക്കാര്യം ചോദിച്ചതോടെ തര്‍ക്കമായി. ബാബു അവനെ തല്ലിത്താഴെയിട്ട്, മണ്ണിലേക്കു മുഖം പൂഴ്ത്തിപ്പിടിച്ചു. ഞാന്‍ കാലില്‍ പിടിത്തമിട്ടു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അയാളുടെ കയ്യിലെ പണം പങ്കിട്ടെടുത്ത് രണ്ടുവഴിക്കു പിരിഞ്ഞു. ബാബുവിനെ പിന്നീടു കണ്ടിട്ടില്ല. മരിച്ചത് ആരെന്നും അറിയില്ല.’

മലപ്പുറം വേങ്ങര സ്റ്റേഷനിലാണ് മുഹമ്മദലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. 14-ാം വയസ്സില്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ഒരാളെ വെള്ളത്തിലേക്കു ചവിട്ടിയിട്ടു കൊന്നതായി കഴിഞ്ഞമാസം 5ന് ആണ് പോലിസില്‍ ഹാജരായി മുഹമ്മദലി വെളിപ്പെടുത്തിയത്. ഇതു സ്ഥിരീകരിച്ച തിരുവമ്പാടി പൊലീസ്, കൊല നടന്ന സ്ഥലവും രീതിയുമെല്ലാം കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അന്നത്തെ അതേ മൊഴിയിലാണ് രണ്ടാമതൊരു മരണത്തില്‍കൂടി പങ്കുണ്ടെന്നു മുഹമ്മദലി വെളിപ്പെടുത്തിയത്.

എന്തെങ്കിലും മാനസിക പ്രശ്നങ്ങളെത്തുടര്‍ന്നാണോ ഇത്തരം മൊഴികളെന്ന സംശയവും പൊലീസിനുണ്ട്. പക്ഷേ, മുഹമ്മദലി പറയുന്ന സാഹചര്യങ്ങളും യഥാര്‍ഥ സംഭവങ്ങളും രണ്ടിടത്തും പൊരുത്തപ്പെട്ടു വരുന്നതാണ് പൊലീസിനെ കുഴക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: