ലഹരിക്കടത്തിലെ റാണി! ചാവക്കാടു നിന്ന് കര്‍ണാടക വഴി ഹരിയാനയിലേക്ക്; കേരള പോലീസ് തകര്‍ത്തത് ഇന്ത്യയിലെ വമ്പന്‍ ലഹരി റാക്കറ്റ്; സീമ സിന്‍ഹയ്ക്ക് ഇന്ത്യയിലും വിദേശത്തും ബന്ധം; കേരളത്തിലേക്ക് ഒഴുക്കിയത് കോടികളുടെ രാസലഹരി; അഭിമാനമായി ‘തൃശൂര്‍ സ്‌ക്വാഡ്’

തൃശൂര്‍: രാസലഹരിയുടെ ഉറവിടം തേടി ഹരിയാനയിലൂടെ കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത് ലഹരിക്കടത്തിലെ റാണി! ചാവക്കാട് സ്വദേശികളില്‍നിന്ന് ലഭിച്ച തുമ്പു പിടിച്ചു നടത്തിയ അന്വേഷണത്തിലാണ് രാജ്യത്ത് എല്ലായിടത്തും വിദേശമത്തക്കും ലഹരിയെത്തിക്കുന്നതിലെ ‘മിടുക്കി’ സീമ സിന്‍ഹയെന്ന അമ്പത്തിരണ്ടുകാരിയെ പൊക്കിയത്. പോലീസ് നടത്തിയ ഹോംവര്‍ക്കും സാങ്കേതികത്തികവുമാണ് ഇവരിലേക്ക് എത്താന്‍ സഹായിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 28 നാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചാവക്കാട് സ്വദേശികളായ ഫസല്‍, നെജില്‍ എന്നിവരെ 47 ഗ്രാം രാസലഹരിയുമായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയിരുന്നു. തുടര്‍ന്ന് സംഭവത്തിന്റൈ ഉറവിടം തേടി പോയ അന്വേഷണ സംഘം എത്തിയത് ബംഗളുരു കമ്മനഹള്ളിയിലുള്ള ഭരത് എന്ന കര്‍ണ്ണാടക സ്വദേശിയുടെ അടുത്താണ്. ഇയാളെ അറസ്റ്റ് ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഡല്‍ഹി, ഹരിയാന അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത് എന്നും വ്യക്തമായി. തുടര്‍ന്നുള്ള അതിവിദഗ്ധമായ അന്വേഷണത്തില്‍ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള സീമ സിന്‍ഹ എന്ന് പേരിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയക്കുന്നതെന്നു കണ്ടെത്തി.

തുടര്‍ന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ നിര്‍ദ്ദേശത്തില്‍ തൃശൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സലീഷ് എന്‍. ശങ്കരന്റെയും ഈസ്റ്റ് ഇന്‍സ്‌പെ്കടര്‍ എം.ജെ. ജിജോയുടെയും നേതൃത്വത്തില്‍ പ്രത്യേക ടീമിനെ രൂപീകരിക്കുകയും അന്വേഷണ സംഘം ഹരിയാനയില്‍ എത്തുകയും ചെയ്തു.
ഹരിയാനയിലെത്തിയ അന്വേഷണ സംഘം ബിഹാര്‍ പട്‌ന സ്വദേശിയായ സീമ സിന്‍ഹയെ പിടികൂടുകയായിരുന്നു. അതിസാഹസികമായാണ് ഇവരെ പിടികൂടിയതെന്നു പോലീസ് പറഞ്ഞു. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക ഇടപെടലാണ് ഹരിയാനയില്‍ നിന്ന് പ്രതിയെ പിടികൂടി നാട്ടിലെത്തിക്കാന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്. യുവതിയെ ചോദ്യം ചെയ്തതില്‍ ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചുള്ള ആഫ്രിക്കന്‍ വംശജരടങ്ങിയ നാലംഗ ടീമാണ് ലഹരി കടത്തിന്റെ പ്രധാന കണ്ണികള്‍ എന്നു വ്യക്തമായി.
പത്തോളം ബാങ്ക് അക്കൌണ്ടുകളാണ് ഇന്ത്യ ഒട്ടാകെ ലഹരി വിതരണം ചെയ്യുന്നതിനായി ഇവര്‍ ഉപയോഗിക്കുന്നത്. കോടികളുടെ ഇടപാടുകളാണ് ആഴ്ച തോറും ഇതില്‍ നടക്കുന്നത്. ഇതുമായി ബന്ധപെട്ട കൂടുതല്‍ പ്രതികളെ ഉടനെ പിടികൂടുമെന്നും തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.
അന്വേഷണ സംഘത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സലീഷ് എന്‍. ശങ്കരന്‍, ഈസ്റ്റ് ഇന്‍സ്‌പെക്പര്‍ എം.ജെ. ജിജോ, സബ് ഇന്‍സ്‌പെക്ടര്‍ രഘു സുബ്രഹ്‌മണ്യന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. ഹരീഷ്‌കുമാര്‍, വി.ബി. ദീപക്, എം.എസ്. അജ്മല്‍, വി.ബി. ലിഷ, എം.സി. അഞ്ചിത എന്നിവരാണ് ഉണ്ടായിരുന്നത്