Breaking NewsIndiaLead NewsNEWSSportsTRENDING

ടി20 ഫോര്‍മാറ്റ്; യുഎഇയില്‍ മത്സരം; അനിശ്ചിതത്വത്തിന് ഒടുവില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും; ഒരാഴ്ചയ്ക്കിടെ കാണാം രണ്ടു മത്സരം; കോലിയും രോഹിത്തുമില്ലാത്ത ആദ്യ പോരാട്ടം; ചൂടുപിടിച്ച് ഏഷ്യ കപ്പ് ചര്‍ച്ചകള്‍

ബംഗളുരു: ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ക്രിക്കറ്റില്‍ ഏറ്റുമുട്ടാന്‍ ഇന്ത്യയും പാകിസ്താനും. ഏഷ്യ കപ്പിലെ സൂപ്പര്‍ പോരാട്ടത്തിനാണ് ഇരു രാജ്യങ്ങളും കോപ്പുകൂട്ടുന്നത്. സമീപകാലത്തെ ഏറ്റുമുട്ടലുകളെത്തുടര്‍ന്നു ടൂര്‍ണമെന്റ് ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ബിസിസിഐ അടക്കം ഇനി മേലില്‍ പാകിസ്താനുമായി മത്സരത്തിനില്ലെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍, നേരത്തേ നിശ്ചയിച്ചതുപ്രകാരം സെപ്റ്റംബറില്‍ നടക്കുമെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റിന്റെ മല്‍സരക്രമത്തെക്കുറിച്ചും ദേശീയ മാധ്യമം നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടു. ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ആറു ടീമുകളാണ് മാറ്റുരയ്ക്കുക. നിലവിലെ ചാംപ്യാരായ ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ തന്നെയാണു പോരിനിറങ്ങുക.

ഏഷ്യാ കപ്പിലെ ഏറ്റവും വലിയ ആകര്‍ഷണം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടമാണ്. നീക്കങ്ങള്‍ അനുകൂലമായാല്‍ ഒരാഴ്ചയിലെ ഇടവേളയില്‍ രണ്ടു മത്സരങ്ങള്‍ കാണാം. പരമാവധി മൂന്നുവട്ടം ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരും. സെപ്റ്റംബര്‍ അഞ്ചിനു ടൂര്‍ണമെന്റ് ആരംഭിക്കുമെന്നാണു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ഞായറാഴ്ച ഇന്ത്യ-പാക് മത്സരം നടക്കും. 2022, 23 വര്‍ഷങ്ങളിലേതു പോലെ ഗ്രൂപ്പുഘട്ടം, സൂപ്പര്‍ ഫോര്‍, ഫൈനല്‍ എന്നിങ്ങനെയായിരിക്കും ടൂര്‍ണമെന്റിന്റെ ഘടന.

Signature-ad

വന്‍ അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് ഘട്ടം കടന്നു സൂപ്പര്‍ ഫോറിലേക്കു മുന്നേറും. സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാക്കും വീണ്ടും മുഖാം വരികയും ചെയ്യും. സപ്തംബര്‍ 14നു ഞായറാഴ്ചയാകും മല്‍സരം. കൂടാതെ 21ന് അടുത്ത ഞായറാഴ്ചത്തെ കലാശപ്പോരാട്ടത്തിലും ഇന്ത്യയും പാകിസ്താനും മൂന്നാം തവണയും കൊമ്പുകോര്‍ത്തേക്കും.

ടൂര്‍ണമെന്റ് യുഎയില്‍?

ഏഷ്യാ കപ്പിന്റെ വേദിയാകാനിരുന്നത് ഇന്ത്യയായിരുന്നെങ്കിലും ഇന്ത്യയും പാകിസ്താനും പരസ്പരം ഇരുരാജ്യങ്ങളിലും കളിക്കാന്‍ വിസമ്മതിച്ചതിനാല്‍ പുതിയ വേദി കണ്ടെത്താനാവും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) ശ്രമം. അങ്ങനെ വന്നാല്‍ യുഎഇക്കായിരിക്കും നറുക്കു വീഴുക.

ഏഷ്യാ കപ്പിന്റെ മല്‍സരക്രമം ഈ മാസം പ്രഖ്യാപിച്ചേക്കുമെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പക്ഷെ ഇന്ത്യ ടൂര്‍ണമെന്റില്‍ കളിക്കുമോയെന്നതു ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുമതി ലഭിച്ചാല്‍ മാത്രമേ ബിസിസിഐയ്ക്കു ടീമിനെ അയക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യ, പാകിസ്താന്‍ എന്നിവരെക്കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, യുഎഇ എന്നിവരായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍.

360 ബാറ്ററായ സൂര്യകുമാര്‍ യാദവായിരിക്കും ടീമിനെ നയിക്കുക. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ വിരമിക്കലുകള്‍ക്കു ശേഷം ഇന്ത്യ കളിക്കുന്ന പ്രധാനപ്പെട്ട മത്സരമായിരിക്കും ഇത്. അടുത്ത വര്‍ഷമാദ്യം ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കവെ അതിനുള്ള തയാറെടുപ്പായിട്ടാവും ഏഷ്യാ കപ്പിനെ ഇന്ത്യന്‍ ടീം കാണുന്നത്.

2023ലെ അവസാനത്തെ ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റിലായിരുന്നു. പാകിസ്താനും ശ്രീലങ്കയും സംയുക്തമായിട്ടാണ് ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിച്ചത്. ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും ശ്രീലങ്കയിലായിരുന്നു. അന്നു സൂപ്പര്‍ ഫോറില്‍ പാക് പടയെ ഇന്ത്യ 228 റണ്‍സിനു മുക്കി. ഫൈനലില്‍ ലങ്കയെ 10 വിക്കറ്റിനു തോല്‍പ്പിച്ചാണു രോഹിത്തും ടീമും കപ്പുയര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: