KeralaNEWS

ബിന്ദുവിന്റെ മരണം: ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാനവ്യാപക പ്രതിഷേധം; രാജിയാവശ്യപ്പെട്ട് മാര്‍ച്ച്

തിരുവനന്തപുരം: കോട്ടയത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെട്ടിടം തകര്‍ന്ന് മകള്‍ക്ക് കൂട്ടിരിപ്പിനെത്തിയ സ്ത്രീ മരിച്ചതിനു പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ വ്യാപക പ്രതിഷേധം. കോട്ടയം മെഡിക്കല്‍ കോളേജിലേക്കും തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുമടക്കം വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മന്ത്രി രാജിവെയ്ക്കണമെന്നാണ് ആവശ്യം. പ്രതിഷേധ സാധ്യത മുന്നില്‍ക്കണ്ട് ആരോഗ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും കനത്ത പോലീസ് കാവലേര്‍പ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്ത് ബിജെപി നടത്തിയ മാര്‍ച്ചില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപ്പിടിത്തം, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍, കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് രോഗിയായ മകള്‍ക്ക് കൂട്ടിരിപ്പിനെത്തിയ സ്ത്രീ മരിച്ച സംഭവം എന്നിവയുള്‍പ്പെടെ സൃഷ്ടിച്ച വിവാദത്തിന്റെ പശ്ചാതലത്തിലാണ് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിക്കെതിരേ പ്രതിഷേധമുയര്‍ന്നത്. കനത്ത സുരക്ഷയാണ് സ്ഥലത്ത് പോലീസ് ഏര്‍പ്പെടുത്തിയത്.

Signature-ad

സെക്രട്ടേറിയറ്റ് അനക്സിന്റെ മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കൊല്ലത്തും ബിജെപിയുടെ പ്രതിഷേധം നടന്നു. തൃശ്ശൂരില്‍ മുസ്ലിംലീഗിന്റെ പ്രതിഷേധവുമുണ്ട്. കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. നേരത്തേ കൊല്ലത്തും പത്തനംതിട്ടയിലും മന്ത്രിക്കെതിരേ പ്രതിഷേധമുണ്ടായിരുന്നു.

സംസ്ഥാനത്താകെ ആരോഗ്യ മന്ത്രിക്കെതിരേ പ്രതിഷേധം ശക്തമാവുകയാണ്. മന്ത്രിയെന്നല്ല, എംഎല്‍എ ആയിരിക്കാന്‍പോലും അര്‍ഹയല്ലെന്ന തരത്തില്‍ വീണാ ജോര്‍ജിനെതിരേ സിപിഎമ്മില്‍ത്തന്നെ അപസ്വരങ്ങളുയര്‍ന്നിട്ടുണ്ട്. അതേസമയം, ഇത്തരത്തില്‍ മന്ത്രിക്കെതിരേ പോസ്റ്റിട്ടവര്‍ക്കെതിരേ പാര്‍ട്ടി നടപടിക്കൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്താനാണ് പ്രതിപക്ഷ തീരുമാനം. എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ കെപിസിസി ആഹ്വാനം ചെയ്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: