
കോട്ടയം: പാലാക്കാരുടെ ഏറ്റവും വലിയ ആഘോഷമാണ് പാലാ ജൂബിലി പെരുന്നാള്‍. ഡിസംബര്‍ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. എന്നാല്‍, ജുണ്‍, ജൂലൈ മാസങ്ങളിലായി പാലാക്കാര്‍ പെരുന്നാള്‍ വൈബിലാണ്. രാത്രി ആളുകളുടെ തിക്കും തിരക്കുമാണ്. പക്ഷേ, ഇതെല്ലാം പാലാക്കാരല്ല, ഒപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഉണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായാണ് ഇപ്പോള്‍ പാലാ ജൂബിലി മാതൃകയില്‍ ആഘോഷം നടത്തുന്നത്. പാലാക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് കുരിശുപള്ളി ജംഗ്ഷനിലാണ്.
സിനിമയുടെ പ്രധാന ഭാഗമാണ് പാലാ ജൂബിലി പെരുന്നാള്‍. നായകന്‍ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള താരങ്ങള്‍ സ്ഥലത്തുണ്ട്. വലിയ ജനക്കൂട്ടത്തിനൊപ്പം പ്രദക്ഷിണത്തില്‍ സുരേഷ് ഗോപി പങ്കെടുക്കുന്ന സീനുകളാണ് കഴിഞ്ഞ ദിവസം ഷൂട്ട് ചെയ്തത്. ഫൈറ്റ് സീനും ഒരു പാട്ടും ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ട്. ഡിസംബറില്‍ നടക്കുന്ന യഥാര്‍ത്ഥ ജൂബിലിയെ അതേപടി പകര്‍ത്തുകയാണിവിടെ. രാത്രി ഒമ്പത് മണിക്ക് ആരംഭിക്കുന്ന ഷൂട്ടിംഗ് പുലര്‍ച്ചെ അഞ്ച് വരെ നീളും. ജൂബിലി യഥാര്‍ത്ഥമായി തോന്നാന്‍ ഷൂട്ടിംഗ് നടക്കുന്ന ഭാഗത്തെ കടകളെല്ലാം വെളുപ്പിന അഞ്ച് മണിവരെ വൈദ്യുത അലങ്കാരത്തോടെ തുറന്നിടും.

ജൂബിലിയില്‍ മാതാവിന്റെ പ്രദക്ഷിണം രണ്ട് ദിവസമാണ്. എന്നാല്‍, സിനിമയില്‍ പത്ത് ദിവസം നീളുന്ന പ്രദക്ഷിണമാണ് നടക്കുന്നത്. കുരിശുപള്ളിയുടെ മുന്നിലെ റോഡ് മുഴുവനും ഉപയോഗിച്ചാണ് പ്രദക്ഷിണം ഷൂട്ട് ചെയ്യുന്നത്. ഇതിനായി രാത്രി ഒമ്പതിന് ശേഷം ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ട്. പാലാക്കാര്‍ ഉള്‍പ്പെടെ ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്നുണ്ട്. ഗുരുവായൂരില്‍ നിന്നുള്‍പ്പെടെയാണ് വഴിയോരക്കച്ചവടക്കാരെ എത്തിച്ചിരിക്കുന്നത്. പത്ത് ദിവസത്തേക്ക് 80,000 രൂപ വരെ ഇവര്‍ക്ക് വാടക നല്‍കുന്നുണ്ട്. കൂടാതെ താമസവും ഒരുക്കി നല്‍കും. മുത്തുക്കുടകളും കുരിശും മാതാവിന്റെ രൂപവുമെല്ലാം പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 28ന് തുടങ്ങിയ ഷൂട്ടിംഗ് ഈ മാസം ഒമ്പതിനാണ് അവസാനിക്കുക. ചങ്ങനാശേരിക്കാരനായ മാത്യു തോമസ് പ്ലാമൂട്ടിലാണ് ചിത്രത്തിന്റെ സംവിധായകന്‍. മാത്യുവിന്റെ ആദ്യ ചിത്രമാണിത്. ഇന്ദ്രജിത്ത്, ലാല്‍, ജോണി ആന്റണി, ലാലു അലക്സ് തുടങ്ങിയവരും ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്ഥലത്തെത്തുന്നുണ്ട്. ഭരണങ്ങാനം സ്വദേശിയായ ഷിബിന്‍ ഫ്രാന്‍സിസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രാഹകന്‍.