ആയുധശേഷിയും പണവുമില്ല; ഇസ്രയേല്‍ ആക്രമണങ്ങളില്‍ അടിമുടി തകര്‍ന്നു; ആയുധ ഡിപ്പോകളും ലെബനീസ് സൈന്യത്തിനു കൈമാറി; ഹിസ്ബുള്ളയ്ക്കു മുന്നില്‍ ഇനി ശേഷിക്കുന്നത് ആയുധം വച്ച് കീഴടങ്ങല്‍; അമേരിക്കയുടെ ആറുപേജ് നിര്‍ദേശം പരിഗണനയില്‍; ഇറാന്‍ ആക്രമണം തീവ്രവാദികളുടെ നട്ടെല്ലൊടിച്ചോ?

ബെയ്‌റൂട്ട്: ഇറാന്റെ കൈയയച്ചുള്ള സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ആയുധംവച്ചു കീഴങ്ങിയാല്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്ന അമേരിക്കയുടെ ഉറപ്പ് ലെബനന്‍ സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം നടന്ന യുദ്ധത്തില്‍ ഹിസ്ബുള്ളയ്ക്കു സാരമായി പരിക്കേല്‍പ്പിക്കാന്‍ ഇസ്രയേലിനു കഴിഞ്ഞിരുന്നു. അടുത്തിടെ നടന്ന ഇറാന്‍ യുദ്ധത്തില്‍ പോലും കാര്യമായി പ്രതികരിക്കാന്‍ ഹിസ്ബുള്ളയ്ക്കു കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണു അമേരിക്ക സമ്മര്‍ദം ശക്തമാക്കിയത്. അമേരിക്കയ്ക്കുള്ള മറുപടി ലെബനീസ് സര്‍ക്കാര്‍ ഉടന്‍ കൈമാറുമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണത്തില്‍ അടിമുടി തകര്‍ന്ന ഹിസ്ബുള്ള ഇറാനില്‍നിന്നുള്ള സഹായംകൂടി നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ജൂണ്‍ 19നു ബെയ്‌റൂട്ടിലേക്കുള്ള യാത്രാമധ്യേ സിറിയയിലെ അമേരിക്കന്‍ പ്രതിനിധിയും തുര്‍ക്കിയിലെ അംബാസഡറുമായ തോമസ് ബാരക്ക് ആണു വാഷിംഗ്ടണിന്റെ ആവശ്യങ്ങള്‍ ലെബനനെ അറിയിച്ചത്. വ്യക്തമായ നിര്‍ദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും തിരുത്തലുകള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കില്‍ ഉടന്‍ അറിയിക്കണമെന്നും തോമസ് അറിയിച്ചെന്നും ലെബനില്‍നിന്നുള്ള സോഴ്‌സുകള്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആറുപേജുള്ള രേഖ ഹിസ്ബുള്ളയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ നിരായുധീകരണത്തിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ടതാണ്. അയല്‍ രാജ്യമായ സിറിയയുമായുള്ള സാമ്പത്തിക ക്രമം മെച്ചപ്പെടുത്താനും പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും നിര്‍ദേശിക്കുന്നു.

തീവ്രവാദ ഗ്രൂപ്പുകളെ ഘട്ടംഘട്ടമായി നിരായുധീകരിക്കുന്നതിന്റെ ഭാഗമായി തെക്കന്‍ ലെബനില്‍നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങും. പകരമായി ഹിസ്ബുള്ള ലെബനനില്‍ ഉടനീളം ആയുധങ്ങള്‍ കൈമാറണം. നവംബര്‍ അല്ലെങ്കില്‍ ഡിസംബറില്‍ പൂര്‍ണ നിരായുധീകരണം പൂര്‍ത്തിയാക്കണമെന്നും തോമസ് നിര്‍ദേശിച്ചു. ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കും. പകരമായി നശിപ്പിക്കപ്പെട്ട പ്രദേശങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള പണം വിട്ടുനല്‍കും. ഹിസ്ബുള്ള ആയുധങ്ങള്‍ ഉപേക്ഷിക്കാതെ ലബനന്‍ പുനര്‍നിര്‍മാണത്തെ അമേരിക്ക പിന്തുണയ്ക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കുന്നതു സംബന്ധിച്ചും ഐക്യരാഷ്ട്ര സഭ മേല്‍നോട്ടം വഹിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചും നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ഗരേഖയില്‍ പറഞ്ഞിരിക്കുന്ന അവസരം ഇനിയുണ്ടാകില്ല. അതിനാല്‍ അവസരം പ്രയോജനപ്പെടുത്തണമെന്നും ലെബനന്‍ ഉദ്യോഗസ്ഥരോടു ബാരക്ക് പറഞ്ഞെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തയാഴ്ച വീണ്ടും തോമസ് ലെബനനില്‍ മടങ്ങിയെത്തും. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഇതുവരെ ഇസ്രയേലിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. ഇതേക്കുറിച്ചുള്ള അതിപ്രായം ആരാഞ്ഞുള്ള ഇ-മെയിലുകള്‍ക്കു യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മറുപടിയും നല്‍കിയിട്ടില്ലെന്നും റോയിട്ടേഴ്‌സ് പറഞ്ഞു.
ഠ നോ പറയാനും അവകാശം
പ്രധാനമന്ത്രി നവാഫ് സലാം, പ്രസിഡന്റ് ജോസഫ് ഔണ്‍, ഹിസ്ബുള്ള സഖ്യകക്ഷിയായ പാര്‍ലമെന്റ് സ്പീക്കര്‍ നബിഹ് ബെറി എന്നിവരുടെ ഓഫീസുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയെ ഇതേക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ചു. ലെബനന്‍ സര്‍ക്കാരിന്റെ ഏകകണ്ഠമായ തീരുമാനം ഇക്കാര്യത്തില്‍ ആവശ്യമാണ്. അന്തിമകരാര്‍ അതിനാല്‍തന്നെ വൈകാനും സാധ്യതയുണ്ട്. നബിഷ് ബെറി ഇക്കാര്യം ഹിസ്ബുള്ളയുമായി സംസാരിച്ചിട്ടുണ്ട്. കരാറുമായി സഹകരിക്കാനുള്ള വിസമ്മതം ഹിസ്ബുള്ള അറിയിച്ചിട്ടില്ല. സഹകരിക്കുമെന്നുള്ളതിന്റെ സൂചനയും ലഭിച്ചിട്ടുണ്ട്. പക്ഷേ, നിരായുധീകരണമെന്ന കാര്യത്തില്‍ ഉറപ്പു ലഭിച്ചിട്ടില്ലെന്നും സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിസ്ബുള്ളയുടെ നിരായുധീകരണമെന്നതു രണ്ടുവര്‍ഷം മുമ്പ് ആരും ചിന്തിക്കാത്ത വിഷയമായിരുന്നു. പശ്ചിമേഷ്യയിലെ പവര്‍ ബാലന്‍സിലുള്ള കാര്യമായ മാറ്റമായിട്ടാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. കഴിഞ്ഞ ഒക്‌ടോബറില്‍ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ഇറാന്റെ സഖ്യകക്ഷിയായ ഹിസ്ബുള്ളയ്ക്കും ശക്തി നഷ്ടപ്പെട്ടു. ഹിസ്ബുള്ളയുടെ സഖ്യകക്ഷിയായ ഹമാസിനുണ്ടായ തിരിച്ചടി ഇറാനും ക്ഷീണമായി. ഹിസ്ബുള്ളയുടെ ആയുധ ശേഖരം ഇസ്രായേല്‍ ആക്രമണങ്ങളില്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. അമേരിക്കന്‍ മധ്യസ്ഥതയില്‍ തെക്കന്‍ ലബനനിലുള്ള ഹിസ്ബുള്ളയുടെ ആയുധ ഡിപ്പോകള്‍ ലെബനീസ് സൈന്യത്തിനു കൈമാറുകയും ചെയ്തു.
രാജ്യമെമ്പാടുമുള്ള ഹസ്ബുള്ളയ്ക്കു മുന്നിലേക്കാണു കരാര്‍ എത്തുന്നതെങ്കിലും നിലവില്‍ ലെബനന്റെ ഏറ്റവും തെക്കന്‍ പ്രദേശങ്ങളില്‍ മാത്രം ബാധകമാക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും സൂചനയുണ്ട്. തോമസിന്റെ നിര്‍ദേശത്തെക്കുറിച്ചു സംഘടന ഇതുവരെ പരസ്യമായ അഭിപ്രായം പറഞ്ഞിട്ടില്ല. മാത്രമല്ല, തിങ്കളാഴ്ച ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍, സെക്രട്ടറി ജനറല്‍ നയിം ഖാസിം, യുഎസിന്റെയും ഇസ്രായേലിന്റെയും സമ്മര്‍ദ്ദത്തിനെതിരായ ഹിസ്ബുള്ളയുടെ ചെറുത്തുനില്‍പ്പ് ആവര്‍ത്തിക്കുകയും മറ്റ് ലെബനീസുകളും പങ്കാളിയാകണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇസ്രയേലിനോടും അമേരിക്കയോടും ‘നോ’ പറയാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. അമേരിക്കയുടെയും ഇസ്രയേലിന്റെയും പദ്ധതികളോടു സഹകരിക്കരുതെന്നും ലെബനന്‍ പൗരന്‍മാരോട് അഭ്യര്‍ഥിക്കുന്നെന്നും ഖാസിം പറഞ്ഞു. സാഹചര്യം മുതലെടുത്ത് ഇരു രാജ്യങ്ങളും അവരുടെ വരുതിയിലേക്കു കാര്യങ്ങളെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും ഖാസിം ആരോപിച്ചു.