
ന്യൂഡല്‍ഹി: ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ അഹമ്മദാബാദിന് പ്രഥമ പരിഗണന നല്‍കി പട്ടിക സമര്‍പ്പിച്ച് ഇന്ത്യ. 2036 ലെ ഒളിംപിക്സ് നടത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങളുടെ ഭാഗമാണ് നീക്കം. ലൊസൈനിലെത്തി രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുമായി ഇന്ത്യയില്‍ നിന്നുള്ള സംഘം കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പട്ടിക സമര്‍പ്പിച്ചത്. കേന്ദ്ര കായിക മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികള്‍, ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികള്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി.ഉഷ എന്നിവരടങ്ങിയ സംഘമാണ് സ്വിറ്റ്സര്‍ലന്‍ഡിലെത്തിയത്.
PHOTO | A high-level sports delegation led by Gujarat Sports Minister Shri Harsh Sanghvi, along with IOA President PT Usha and senior officials, visited Lausanne, Switzerland – the global hub of sports governance. Productive meetings with SportAccord, ANOC, FIVB, and… pic.twitter.com/KUW1NEREzl
— Press Trust of India (@PTI_News) July 1, 2025

‘വസുദൈവ കുടുംബകം’ എന്ന എന്ന ഇന്ത്യന്‍ ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയ്യാറെടുപ്പ് നടത്തുന്നതെന്നും ലോകം ഒരു കുടുംബമായി കണ്ട്, ലോകത്തെങ്ങുമുള്ള കായിക സമൂഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയാണെന്നും സംഘം വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഒളിംപിക്സ് വേദി അനുവദിക്കുകയാണെങ്കില്‍ അത് തലമുറകളോളം നീണ്ടുനില്‍ക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പി.ടി.ഉഷ പ്രതികരിച്ചു.
2036ലെ ഒളിംപിക്സിന് വേദിയാകാനുള്ള താല്‍പര്യം 2024 ഒക്ടോബറിലാണ് ഇന്ത്യ ആദ്യമായി പ്രകടിപ്പിച്ചത്. സൗദി അറേബ്യ, ഇന്തൊനേഷ്യ, തുര്‍ക്കി, ചിലി എന്നീ രാജ്യങ്ങളും ഒളിംപിക്സ് വേദിയാകാന്‍ ഇന്ത്യയെ കൂടാതെ മല്‍സരരംഗത്തുണ്ട്. എന്നാല്‍ 2036 ലെ വേദി പ്രഖ്യാപിക്കുന്നത് ഐഒസി താല്‍കാലികമായി നീട്ടിവച്ചിരിക്കുകയാണ്.
2028 ലെ ഒളിംപിക്സ് ലോസ് ഏയ്ഞ്ചല്‍സില്‍ വച്ചും 2032 ലേത് ബ്രിസ്ബെയ്നില്‍ വച്ചും, 2030 ലെ വിന്‍റര്‍ ഒളിംപിക്സ് ഫ്രഞ്ച് ആല്‍പ്സില്‍ വച്ചും നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വേദികളെ കുറിച്ചും ഒരുക്കങ്ങളെ കുറിച്ചും കൂടുതലായി പഠിക്കാനുണ്ടെന്നും അതിനുശേഷം മറ്റു വേദികളുടെ കാര്യങ്ങള്‍ ആലോചിക്കാമെന്നും ഐഒസി വ്യക്തമാക്കി.