Breaking NewsIndiaLead NewsLIFENEWSNewsthen SpecialWorld

സ്വവസതിയിലെ മുഹറം ദു:ഖാചരണത്തിലും ഖമേനി ഇല്ല; മുതിര്‍ന്ന സൈനിക ജനറല്‍മാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്; അശൂറ ദിനത്തിന് ഇനി മൂന്നുനാള്‍; പരമോന്നത നേതാവ് പ്രത്യക്ഷപ്പെടുമോ? വ്യക്തത നല്‍കാതെ ഇറാനിയന്‍ രാഷ്ട്രീയ നേതൃത്വം

യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇറാനിലെ ഏറ്റവും ആഴത്തിലുള്ള സുരക്ഷിത ബങ്കറിലേക്കു മാറിയ ഖമേനി, വെടിനിര്‍ത്തലിനു ശേഷമാണ് ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്. മൂന്നു പ്രീ-റെക്കോഡഡ് വീഡിയോകളാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ ചിത്രങ്ങളും ലഭ്യമല്ല

ടെഹറാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക ജനറല്‍മാരുടെ സംസ്‌കാരച്ചടങ്ങില്‍നിന്നു വിട്ടുനിന്നതിനു പിന്നാലെ എല്ലാവര്‍ഷവും ടെഹ്‌റാനിലെ വസതിവളപ്പിലുള്ള ഇമാം ഖമേനി ഹുസൈനിയില്‍ സംഘടിപ്പിക്കാറുള്ള മുഹറം ദുഖാചരണ ചടങ്ങിലും ഇറാന്റെ പരമോന്നത നേതാവ് പങ്കെടുത്തില്ല. മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഇസ്ലാമിക റിപ്പബ്ലിക്കിലെ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിലാണ് ഖമേനിയുടെ അസാന്നിധ്യം. ചടങ്ങിന്റെ ചിത്രമടക്കം ഇറാന്‍ ഇന്റര്‍നാഷണല്‍ പുറത്തുവിട്ടു. ഈ മാസം ആറിന് ഇറാനിലെ അശൂറ ദിനത്തിലും ഖമേനി പങ്കെടുക്കേണ്ടതാണ്. ഇസ്ലാമിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ ചടങ്ങുകളിലൊന്നായി വിലയിരുത്തുന്ന ഇതിലും ഖമേനി എത്തിയില്ലെങ്കില്‍ അതൊരു ദുസൂചനയായി കണക്കാക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞയാഴ്ച, ഇറാനിയന്‍ മിലിട്ടറി കമാന്‍ഡര്‍മാര്‍ അടക്കം 60 പേരുടെ സംസ്‌കാരച്ചടങ്ങുകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തപ്പോഴാണ് ഖമേനി വിട്ടുനിന്നത്. യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെയും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കമാന്‍ഡര്‍മാരുടെയും സംസ്‌കാര ചടങ്ങുകളില്‍ അടുത്തകാലംവരെ പങ്കെടുത്തപ്പോഴാണ് ഖമേനിയുടെ അസാന്നിധ്യമെന്നതും ശ്രദ്ധേയമാണ്.

Signature-ad

യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇറാനിലെ ഏറ്റവും ആഴത്തിലുള്ള സുരക്ഷിത ബങ്കറിലേക്കു മാറിയ ഖമേനി, വെടിനിര്‍ത്തലിനു ശേഷമാണ് ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്. മൂന്നു പ്രീ-റെക്കോഡഡ് വീഡിയോകളാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ ചിത്രങ്ങളും ലഭ്യമല്ല. ഇസ്രയേലിന്റെ ഭാഗത്തുനിന്ന് വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്തതെന്നും വിദഗ്ധര്‍ പറഞ്ഞു.

ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറാനിയന്‍ ടെലിവിഷന്‍ ചാനലുകളിലേക്കും ഖമേനി എവിടെയെന്നു ചൂണ്ടിക്കാട്ടി നിരവധി അന്വേഷണങ്ങള്‍ എത്തിയെന്നാണു ന്യൂയോര്‍ട്ട് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഖമേനിയുടെ ആര്‍കൈവ്‌സ് ഓഫീസിലേക്കും നിരവധിപ്പേര്‍ ഈ ആവശ്യവുമായി സന്ദേശങ്ങള്‍ അയച്ചെങ്കിലും സ്ഥാപനത്തിന്റെ മേധാവി മെഹ്ദി ഫസേലി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഖമേനിയെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ ആ ജോലി വൃത്തിയായി ചെയ്യുന്നെന്നു മാത്രമേ പറയാനുള്ളൂ എന്നും ദൈവത്തിന്റെ ആഗ്രഹപ്രകാരമാണ് ഇപ്പോള്‍ ഇറാന്‍ വിജയം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖമേനി ഇപ്പോഴും ബങ്കറില്‍നിന്നു പുറത്തുവന്നിട്ടില്ലെന്നും എല്ലാത്തരം ഇലക്‌ട്രോണിക് ആശയവിനിമയങ്ങളും നിര്‍ത്തിവച്ചിരിക്കുന്നു എന്നാണു വിദഗ്ധര്‍ പറയുന്നത്. മുന്‍കൂട്ടി ചിത്രീകരിച്ച വീഡിയോകളും സന്ദേശങ്ങളും മാത്രമാണു പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കും സാധാരണ ജനങ്ങള്‍ക്കുംവരെ ആശ്ചര്യമുണ്ടെന്നും ഇറാനില്‍നിന്നുള്ള ന്യൂയോര്‍ട്ട് ടൈംസ് റിപ്പോര്‍ട്ടര്‍മാരും പറയുന്നു.

ഇറാന്‍ അമേരിക്കന്‍ എയര്‍ബേസുകളിലേക്ക് മിസൈല്‍ അയയ്ക്കുമ്പോഴോ ഇസ്രായേലുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമ്പോഴോ ഇറാനിയന്‍ സായുധ സൈന്യത്തിന്റെ കമാന്‍ഡര്‍-ഇന്‍ ചീഫായ ഖമേനിയുടെ അനുമതി വാങ്ങിയിരുന്നില്ല. യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള ചര്‍ച്ചകള്‍ ഖത്തര്‍ അമീറിന്റെ മുന്‍കൈയിലാണു നടന്നത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍പോലും ഖമേനിയുമായി അവസാനം സംസാരിച്ചത് എന്നാണെന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല.

ഈ സാഹചര്യത്തില്‍ ഏതാനും ചോദ്യങ്ങളും ഉയര്‍ന്നുവരുന്നു. ഏറ്റവും അടുത്ത ദിവസങ്ങളില്‍ ഇറാന്‍ എടുത്ത സുപ്രധാന തീരുമാനങ്ങളില്‍ ഖമേനിയുടെ പങ്ക് എന്തായിരുന്നു? പ്രത്യേകിച്ച് അദ്ദേഹത്തിലേക്ക് എത്തിച്ചേരുന്നതിന് നിരവധി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍. മറ്റൊന്ന്, എല്ലാക്കാര്യങ്ങളിലും എല്ലാ ദിവസങ്ങളിലും ഇറാനിലെ രാഷ്ട്രീയ തീരുമാനങ്ങളില്‍ ഇടപെട്ടിരുന്ന ഖമേനി ഇപ്പോഴും അതു ചെയ്യുന്നുണ്ടോ? അദ്ദേഹത്തിനു പരിക്കേറ്റോ? അസുഖ ബാധിതനാണോ? അതോ ജീവിച്ചിരിപ്പില്ലേ?

ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡിന്റെ കമാന്‍ഡറും മുതിര്‍ന്ന സൈനിക ഉപദേഷ്ടാവുമായ ജനറല്‍ യഹ്യ സഫ്ദാവിയുടെ മകനും രാഷ്ട്രീയ നിരീക്ഷകനുമായ ഹാംസെ സഫാവി പറയുന്നത് ഇസ്രയേലിന്റെ വധ ഭീഷണി ഇപ്പോഴും നിലവിലുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം പുറത്തുവരാത്തതെന്നുമാണ്. ഖമേനി ഇപ്പോഴും തീരുമാനങ്ങളില്‍ ഇടപെടുന്നുണ്ടെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

പക്ഷേ, ഖമേനിയുടെ അസാന്നിധ്യത്തില്‍ രാഷ്ട്രീയക്കാരും മിലിട്ടറി കമാന്‍ഡര്‍മാരും അവരവരുടേതായ മുന്നണികള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് ഏറെ അടുത്തുനില്‍ക്കുന്ന മുതിര്‍ന്ന നാല് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയെങ്കില്‍ ഇറാന്റെ ന്യുക്ലിയര്‍ പദ്ധതികള്‍ ഏതു ദിശയില്‍ മുന്നോട്ടു പോകുമെന്നും യുഎസുമായുള്ള ഭാവി ചര്‍ച്ചകള്‍ ആരു നയിക്കും എന്നതിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ഖമേനി ജീവിച്ചിരിക്കുമ്പോള്‍ ഇറാനിയന്‍ പ്രസിഡന്റിനു ഭരണത്തില്‍ റബര്‍ സ്റ്റാമ്പിന്റെ സ്ഥാനം മാത്രമാണുള്ളത്.

എന്നാല്‍, പ്രധാനന്ത്രി പെസെഷ്‌കിയാനു ഭരണത്തില്‍ നേരിയ മേല്‍ക്കൈ ലഭിച്ചിട്ടുണ്ടെന്നു കരുതുന്നവരുമുണ്ട്. അമേരിക്കയുമായി നിലവില്‍ ചര്‍ച്ചകള്‍ നയിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ന്യൂക്ലിയര്‍ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിട്ടതിനു പിന്നാലെ അദ്ദേഹം ഈ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ജുഡീഷ്യറിയുടെ തലപ്പത്തടക്കം പെസെഷ്‌കിയാന്റെ അടുപ്പക്കാരുണ്ട്. ബുധനാഴ്ച നടന്ന കാബിനറ്റ് മീറ്റിംഗിനുശേഷം പെസെഷ്‌കിയാന്റെ വാക്കുകളിലും ചില മാറ്റങ്ങള്‍ പ്രകടമാണ്. ‘കൂടുതല്‍ തുറന്നതും പടിഞ്ഞാറന്‍ രാജ്യങ്ങളുമായി മികച്ച ബന്ധവുമുള്ള സര്‍ക്കാരിനെ നയിക്കുമെന്നാണ് ഞാന്‍ ഒരു വര്‍ഷം മുമ്പ് അധികാരമേല്‍ക്കുമ്പോള്‍ പറഞ്ഞത്. അതിനുള്ള സമയമാണ് ഇതെന്നാണു കരുതുന്നത്. യുദ്ധവും ജനങ്ങളുടെ ഐക്യവും നമ്മുടെ കാഴ്ചപ്പാടുകളും ഉദ്യോഗസ്ഥരുടെ മനോഭാവവും മാറ്റാനുള്ള അവസരമൊരുക്കുന്നു. മാറ്റത്തിനുള്ള സുവര്‍ണാവസരമാണിത്’- പെസെഷ്‌കിയാന്‍ പറഞ്ഞു.

എന്നാല്‍, അദ്ദേഹത്തിന്റെ വിമര്‍ശകരും രംഗത്തുണ്ട്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ചേര്‍ന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് അദ്ഭുതപ്പെടുത്തിയെന്നും സയീദ് ജലീലി പറയുന്നു. ഇവര്‍ക്കു പാര്‍ലമെന്റിലും നിര്‍ണായക പങ്കാളിത്തമുണ്ട്. എന്നാല്‍, ഇതിനെതിരേ പ്രസിഡന്റ ചീഫ് ഓഫ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥനായ അലി അഹ്‌മദിനിയ ജലീലിക്കെതിരേ പരസ്യമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നു. ‘ഞങ്ങള്‍ കഴിഞ്ഞ 12 ദിവസവും ഇസ്രായേലുമായി രാവും പകലും യുദ്ധം ചെയ്യണമെന്നു കരുതിയവരല്ല. ഇപ്പോള്‍ നിങ്ങളെപ്പോലുള്ളവരെ നേരിടേണ്ടിയും വരുന്നു. സ്വന്തം പേനകള്‍ ഉപയോഗിച്ച് എതിരാളികളുടെ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് അവര്‍’ എന്നായിരുന്നു പോസ്റ്റ്.

ഇറാന്റെ ആണുവായുധ പദ്ധതികളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി അബ്ബാസും ഇറാന്‍ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ തലവന്‍ മുഹമ്മദ് ഇസ്ലാമിയും പദ്ധതികള്‍ പുനരാരംഭിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ഖമേനിയുടെ അസാന്നിധ്യത്തില്‍ ഇവര്‍ ഇടുന്ന ഓരോ ഒപ്പുകളും ഏറെ നിര്‍ണായകമാണെന്നു ഗവേഷക സംഘമായ ചതം ഹൗസിന്റെ മിഡില്‍ ഈസ്റ്റ്്-നോര്‍ത്ത് അമേരിക്ക ഡയറക്ടര്‍ സനം വാക്കില്‍ പറഞ്ഞു. വരുന്ന ജൂലൈയില്‍ അശൂറ ദിനത്തില്‍ ഖമേനിയെ നാം കാണുന്നില്ലെങ്കില്‍ അതൊരു ദുസൂചനയായി വേണം വിലയിരുത്താന്‍. അദ്ദേഹം തന്റെ മുഖം കാണിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു.

(Iran’s Supreme Leader Ali Khamenei was absent from a Muharram mourning ceremony he annually hosts at the Imam Khomeini Hussainiyah in his compound in Tehran, while nearly all other Islamic Republic officials, including senior military commanders, were present)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: